തിരുവനന്തപുരം : റവന്യു വകുപ്പിലെ അഴിമതി തടയാന്‍ സമഗ്ര നടപടികളുമായി സര്‍ക്കാര്‍. മന്ത്രി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മിഷണര്‍ എന്നിവര്‍ എല്ലാ മാസവും രണ്ട് റവന്യു ഓഫീസുകളും കലക്ടര്‍മാര്‍ അഞ്ച് റവന്യു ഓഫീസുകളും ഡെപ്യൂട്ടി കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ 10 റവന്യു ഓഫീസുകളും പരിശോധിക്കും. പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങി അറസ്റ്റിലായ സംഭവത്തിനു പിന്നാലെയാണ് അഴിമതിയകറ്റാനുള്ള തിരക്കിട്ട ദൗത്യം. ലാന്‍ഡ് റവന്യു കമ്മിഷണറേറ്റ് ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ റവന്യു ഓഫീസുകളില്‍ മിന്നല്‍ പരിശോധനകള്‍ തുടരും. പരിശോധനാ വിവരങ്ങള്‍ അതത് മാസം ക്രോഡീകരിച്ച് ശിപാര്‍ശ സഹിതം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി എന്നിവര്‍ക്കു കൈമാറും. ശിപാര്‍ശകളില്‍ കാലവിളമ്പമില്ലാതെ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ ഈ മാസം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ കൈമാറാം. ഇതിനുള്ള ടോള്‍ഫ്രീ നമ്പര്‍ 10ന് നിലവില്‍ വരും. സുരേഷ് കുമാറിന്റെ അഴിമതിയില്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം വില്ലേജ് ഓഫീസിലെ രേഖകള്‍ പരിശോധിച്ചു. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസുകളിലും പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ കൈക്കൊള്ളേണ്ട അച്ചടക്ക നടപടികള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.
റവന്യു ഓഫീസുകളില്‍ അഴിമതിയകകറ്റാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ കൂടിയ റവന്യു സെക്രട്ടറിയേറ്റും ഉന്നതോദ്യോഗസ്ഥരുടെ യോഗവും അഴിമതി തുടച്ചുനീക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. സുരേഷ് കുമാറിനെതിരേ കഠിന ശിക്ഷയ്ക്കുള്ള ചാര്‍ജ് മെമ്മോ നല്‍കാനും അനേ്വഷണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അഴിമതി റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടിക്കു നിര്‍ദേശമുണ്ട്.
.jpg)
0 Comments