banner

കൊല്ലത്ത് 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!, സംശയം നീങ്ങി, കൊലപാതകം തന്നെയെന്ന് പോലീസ്, മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ


കൊല്ലം : കഴിഞ്ഞ ദിവസമാണ് കൊല്ലം ചിതറയിൽ യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും വിവരങ്ങളിലൂടെ ഇപ്പോൾ ഈ യുവാവിന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുകയാണ് . യുവാവിന്റേത് കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചിതറ സൊസൈറ്റി മുക്ക് സ്വദേശി ആദർശ് (21) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മാതാപിതാക്കളെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദര്‍ശിന്‍റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത് . യുവാവിനെ കെട്ടിത്തൂക്കിയതാണെന്ന സംശയത്തെ തുടർന്ന് പോലീസ് പ്രതികളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നപ്പോൾ സംശയം സ്ഥിരീകരിച്ചതോടെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ആദർശിന്റെ സ്വഭാവമാണ് സ്വന്തം വീട്ടുകാർ തന്നെ അയാളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയും ആദർശ് പതിവുപോലെ മദ്യപിച്ച് ബഹളമുണ്ടാക്കി. അയൽവീട്ടിൽ ചെന്നും ബഹളം ഉണ്ടാക്കിയതോടെ വീട്ടുകാർ ചേർന്ന് ഇയാളെ വീട്ടിലേക്ക് പിടിച്ച്കൊണ്ടുവന്നു. വീട്ടിലെത്തിയ ആദർശ് മാതാപിതാക്കളെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർന്നുള്ള വഴക്കിലാണ് 3 പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുന്നത്.

Post a Comment

0 Comments