വടക്കാഞ്ചേരി : റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ ആനയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ
പ്രതിയുമായി തെളിവെടുപ്പ് നടത്തി. പട്ടിമറ്റം മുഴുവന്നൂര്‍ വിനയനെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കുഴിച്ചുമൂടിയ കാട്ടാനയുടെ കൊമ്പ് കടത്തിയത് രണ്ടുദിവസം വൈകിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആനയുടെ ഒരു കൊമ്പ് ഭാഗികമായി മുറിച്ചെടുത്ത അഖില്‍ മോഹന്‍ അന്ന് വനമേഖലയോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ ഇത് ഒളിപ്പിച്ചിരുന്നു. അഖിലിനോടൊപ്പം വാഴക്കോട് എത്തി ഒളിപ്പിച്ചിരുന്ന കൊമ്പ് കണ്ടെത്തി വില്‍പ്പനയ്ക്കായി പട്ടിമറ്റത്തേക്ക് കൊണ്ടുപോയതായി പ്രതി അന്വേഷണോദ്യോഗസ്ഥന്മാരോട് പറഞ്ഞു.
എന്നാൽ ആനയെ കുഴിച്ചുമൂടുന്ന കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി. കൊമ്പ് ഒളിപ്പിച്ച സ്ഥലവും കാണിച്ചുകൊടുത്തു. തിങ്കളാഴ്ച വൈകീട്ട് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി വിനയന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടനാട് റേഞ്ചിലെ മേക്കപ്പാല സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് വാഴക്കോട് കുഴിച്ചുമൂടിയ ആനയുടെ മുറിച്ചെടുത്ത കൊമ്പ് പിടികൂടിയത്. കേസിൽ അഖില്‍മോഹന്‍ ഉള്‍പ്പെടെ നാല് പ്രതികളാണ് അന്ന് പോലീസിന്റെ പിടിയിലായത്.
വാഴക്കോട് കേസിന്റെ ഭാഗമായതിനാല്‍ കൊമ്പ് പിടികൂടിയ കോടനാട് റേഞ്ചിലെ കേസും സംയോജിപ്പിച്ച് വടക്കാഞ്ചേരി കോടതിയിലേക്ക് മാറ്റാനാണ് നീക്കം. വാഴക്കോട്ടെ ആനക്കൊലയില്‍ തൃപ്തികരമായ വിധമാണ് അന്വേഷണം നടക്കുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനംമേധാവി മുതല്‍ റേഞ്ച് ഓഫീസര്‍ വരെയുള്ള ഉദ്യോഗസ്ഥരോട് അന്വേഷണപുരോഗതി വിലയിരുത്തി.

0 Comments