banner

ഏക സിവില്‍ കോഡ്: ധ്രുവീകരണ രാഷ്ട്രീയമാണ് സിപിഐഎം ലക്ഷ്യമെന്ന് എം കെ മുനീര്‍

കോഴിക്കോട് : ഏക സിവില്‍ കോഡ് വിഷയം വഴി ധ്രുവീകരണ രാഷ്ട്രീയമാണ് സിപിഐഎം ലക്ഷ്യം വെക്കുന്നതെന്ന വിമര്‍ശനവുമായി എംകെ മുനീര്‍ എംഎല്‍എ. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി തങ്ങളാണ് സംരക്ഷകര്‍ എന്ന് സിപിഐഎം പറയുന്നു. സിപിഐഎം സെമിനാറില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് നാളെ ചര്‍ച്ചയ്ക്ക് ശേഷമേ പറയാനാകൂ. ലീഗ് വിളിച്ച് ചേര്‍ക്കുന്ന സംയുക്ത യോഗത്തില്‍ ഏക സിവില്‍ കോഡിനെ നിയമപരമായി എങ്ങനെ നേരിടണം എന്നാണ് നോക്കുന്നതെന്നും മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

"ശരീയത്ത് വിഷയത്തിലെ മാര്‍ക്‌സിസ്റ്റ് നിലപാട് എന്താണ്,മുന്‍നിലപാടില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാറ്റം വന്നിട്ടുണ്ടോ, പ്രകടനപരത കുറേ കണ്ടതാണ്", മുനീര്‍ പറഞ്ഞു. യുസിസിയില്‍ കോണ്‍ഗ്രസ് നിലപാട് അറിയിച്ചിട്ടുണ്ടെന്നും സമസ്തയുടെ നിലപാട് അറിയില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരെയും കോണ്‍ഗ്രസ് ഒന്നിച്ച് സംഘടിപ്പിക്കുമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ദേശീയ തലത്തില്‍ എല്ലാവരേയും യോജിപ്പിക്കും. എടുത്ത് ചാടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഒരു വിഷയത്തില്‍ നിന്നും ഒളിച്ചോടില്ല. കോണ്‍ഗ്രസിന് സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തില്‍ വര്‍ഗീയകക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഏക സിവില്‍ കോഡില്‍ രാഹുല്‍ഗാന്ധിക്കുപോലും കൃത്യമായ നിലപാടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. മുസ്ലീം ലീഗിനെ ക്ഷണിച്ച സിപിഐഎം നടപടിയോട് എം വി ഗോവിന്ദന് തലക്ക് സുഖമില്ലേ എന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. കേരളത്തില്‍ ലീഗ് അവര്‍ക്കൊപ്പമല്ല. വിഷയത്തില്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments