തിരുവനന്തപുരം : ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ 'കൈതോലപ്പായ ആരോപണ'ത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെന്നി ബെഹനാൻ എംപിയുടെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി, ജി ശക്തിധരൻ്റെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അന്വേഷണം തുടരാനാണ് ധാരണ.
ഇതിനിടെ, സാമ്പത്തിക ആരോപണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട് ജി ശക്തിധരൻ ഫേസ് ബുക്കിൽ പുതിയ പോസ്റ്റ് ഇട്ടു. കൈതോലപ്പായ ആരോപണം പുറത്തുവിട്ട ഫേസ് ബുക്ക് കുറിപ്പിൽ കോവളത്തെ ഹോട്ടലിൽ വെച്ച് പാർട്ടി നേതാവ് 10 ലക്ഷം രൂപ വീതമുള്ള രണ്ട് പാക്കറ്റുകൾ കൈപ്പറ്റി എന്ന് ആരോപിച്ചിരുന്നു. പാർട്ടി സെന്ററിൽ കൊടുത്തു എന്ന് ആരോപിക്കുന്ന പണത്തിന്റെ വിശദാംശങ്ങളാണ് ശക്തിധരൻ പുറത്ത് വിട്ടത്.
പണത്തിന്റെ വിവരം ദേശീയ നേതൃത്വത്തെയോ, തിരഞ്ഞെടുപ്പ് കമ്മീഷനെയോ അറിയിച്ചിട്ടില്ല. എന്നാൽ സെന്ററിലെ പണം കൈകാര്യം ചെയ്യുന്ന ജീവനക്കാരന്റെ കുറിമാനം തെളിവായി ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. ചുമതല ഒഴിയുന്ന സമയത്ത് പണം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു മേൽ ജീവനക്കാരന് നൽകിയതാണ് ആ കുറിമാനം എന്നാണ് ശക്തിധരന്റെ അവകാശ വാദം. ശക്തിധരന്റെ ആരോപണം ഏറ്റെടുത്ത പ്രതിപക്ഷം പിന്തുണ ആവർത്തിക്കുകയാണ്. കന്റോൺമെന്റ് എസിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. സിപിഐഎം നേതാക്കൾക്കെതിരായ പരാതികളിൽ അന്വേഷണത്തിന് പൊലീസ് തയ്യാറാവുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമായതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത്.
ഒരു ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കടത്തിയെന്നാണ് ജി ശക്തിധരൻ ആരോപിച്ചത്. രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ നേതാവ് കൈപ്പറ്റിയെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ആരോപണം ഉന്നയിച്ചു. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലുള്ള ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ആരോപിച്ചു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ മൗനവും സംഭവത്തിൽ കേസ് എടുക്കാത്തതും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കി. കേസെല്ലാം പ്രതിപക്ഷനേതാക്കൾക്കെതിരെ മാത്രമാണെന്നും മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു. ഇതിനൊക്കെ ശേഷമാണ് പൊലീസ് അന്വേഷണം നടത്താൻ തീരുമാനമായത്.
.jpg)
0 Comments