banner

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ ഭാര്യ കൊന്നു കുഴിച്ചുമൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയിൽ, കുടുക്കിയത് പോലീസിനു നല്‍കിയ മൊഴി

പത്തനംതിട്ട : പരുത്തിപ്പാറയില്‍ ഒന്നരവര്‍ഷമായി കാണാതായ ആളെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഭാര്യ നൂറനാട് സ്വദേശി അഫ്‌സാന സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂര്‍പാടം സ്വദേശിയായ നൗഷാദിനെ (36) ഒന്നരവര്‍ഷം മുന്‍പ് കാണാനില്ലായിരുന്നു. ഭാര്യ നൽകിയ വിവരം അനുസരിച്ച് നൗഷാദിന്റെ ശരീരം വീണ്ടെടുക്കാനുള്ള പരിശോധന അടൂരിൽ പൊലീസ് നടത്തുന്നു. നൗഷാദിന്റെ ഭാര്യ നൽകുന്ന മൊഴി പരസ്പര വിരുദ്ധമാണെന്നും പൊലീസ് പറയുന്നു.

ഒന്നരവര്‍ഷംമുന്‍പ് മൂന്നുമാസത്തോളം അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പരുത്തിപ്പാറയില്‍ അഫ്‌സാനയോടൊപ്പം വാടകയ്ക്കു താമസിച്ചുവരികയായിരുന്നു നൗഷാദ്. 2021 നവംബര്‍ അഞ്ച് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നൗഷാദിന്റെ മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെ ഒരുമാസംമുന്‍പ് ഭാര്യ അഫ്‌സാന നൗഷാദിനെ കണ്ടിരുന്നെന്ന് പോലീസിന് മൊഴിനല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നൗഷാദിനെ കണ്ടെത്താനായില്ല. ഇതോടെ അഫ്‌സാനയുടെ മൊഴി കള്ളമാണെന്ന നിഗമനത്തില്‍ പോലീസെത്തി. പിന്നീട് ഇവരെ വിശദമായ ചോദ്യംചെയ്തതോടെയാണ് നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്‌തെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്. എന്നാൽ ഇവർ മൊഴി മാറ്റി പറയുന്നതിനാൽ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്.

ഇവര്‍ താമസിച്ചിരുന്ന വീടിനു തൊട്ടടുത്ത ആരാധനാലയത്തിലെ സെമിത്തേരിക്കടുത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താനായില്ല. നേരത്തേ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലായ്മയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments