കൊല്ലം : കൊട്ടാരക്കരയിൽ ഗുരുതര ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ രോഗി വാർഡിലേക്കുള്ള സ്റ്റെപ്പുകൾ നടന്നു കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ സ്വദേശി വി.രാധാകൃഷ്ണൻ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടു മണിയോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐ.സി.യു.വിൽ നിരീക്ഷണത്തിലാക്കുകയോ വാർഡിലേക്കു കൊണ്ടുപോകാൻ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനൽകുകയോ ചെയ്തില്ല. മൃതദേഹം തിരിച്ചിറക്കുമ്പോൾപ്പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നു.
പടികൾ നടന്നുകയറേണ്ടിവന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നുകാട്ടി ബന്ധുക്കൾ ആശുപത്രി അധികൃതർക്കും പോലീസിലും പരാതി നൽകി. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് രാധാകൃഷ്ണന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടത്. മകനും അയൽവാസികളും ചേർന്ന് ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ മരുന്ന് കുത്തിവയ്ക്കുകയും അഡ്മിറ്റാകാൻ നിർദേശിക്കുകയും ചെയ്തു. മെയിൽ വാർഡിൽ മുകൾനിലയിലേക്കു പോകാനായി ഇവിടെ ലിഫ്റ്റ് ഇല്ല. വീൽചെയറിൽ ഇരുത്തി കൊണ്ടുപോകാൻ റാമ്പിനടുത്തെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും താക്കോൽ എവിടെയെന്നറിയില്ലെന്നും പടികൾവഴി പോകാനുമായിരുന്നു നിർദേശം. അവശനായ രാധാകൃഷ്ണൻ ആയാസപ്പെട്ട് പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം തിരികെയിറക്കാനും റാമ്പ് തുറന്നില്ല. വാർഡിൽ ഉണ്ടായിരുന്ന ജീവനക്കാരോ ആശുപത്രി ഗാർഡുകളോ സഹായത്തിനെത്തിയില്ല.
പുറത്തുണ്ടായിരുന്ന ചിലരെക്കൂടി വിളിച്ച് അച്ഛന്റെ മൃതദേഹം പടികളിലൂടെ ചുമന്നിറക്കുകയായിരുന്നെന്ന് രാധാകൃഷ്ണന്റെ മകൻ അഭിജിത്ത് പറഞ്ഞു. ശനിയാഴ്ച സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ബന്ധുക്കൾ ആരോഗ്യവകുപ്പ് അധികൃതർക്കും പോലീസിലും പരാതിനൽകിയത്. ഭാര്യ: ഉമാ രാധാകൃഷ്ണൻ. മകൾ: അഭിരാമി. മരുമകൻ: അനുരാജ്.
0 Comments