വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഭീകരരുടെ വെടിയുണ്ടകൾ ശിരസ്സിലേൽക്കേണ്ടി വന്ന മലാല യൂസഫ്സായിയെ ലോകർക്ക് പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 2013 മുതൽ ഐക്യരാഷ്ട്ര സംഘടന മലാലയുടെ ജന്മദിനമായ ജൂലൈ 12 ‘മലാല ദിന’മായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്താനുള്ള ഒരു ദിനം എന്ന നിലയിലായിരുന്നു ആഹ്വാനം.
സ്കൂളിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ 2012 ഒക്ടോബറിലാണ് സ്കൂൾബസിൽ വച്ച് മലാലയെ ഭീകരർ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു. ലണ്ടനിലെ ബർമിങ്ങാമിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലാലയ്ക്ക് 2014ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

0 Comments