അഞ്ചാലുംമൂട് : ബൈപ്പാസിൽ പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി രേഖകൾ തേടിയ ബന്ധുക്കളോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആൻ്റണിക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് നടപടി സ്വീകരിച്ചത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. അര ലക്ഷത്തോളം രൂപയാണ് നിലവിൽ ശമ്പളമെന്നിരിക്കെയാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് സ്റ്റേഷൻ രേഖകൾ വിട്ടുനൽകുന്നതിനായി 25000 രൂപ ആൻ്റണി ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മെയ് മാസം രണ്ടിനാണ് കൊല്ലം ബൈപ്പാസിൽ പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ച അപകടമുണ്ടായത്. ആലപ്പുഴ സ്വദേശികളായ ഹോമിയോ ഡോക്ടർ മിനി ഉണ്ണിക്കൃഷ്ണൻ (59), പേരക്കുട്ടി സംസ്കൃതി (ഒന്നര), ഡ്രൈവർ സുനിൽകുമാർ (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. നെയ്യാറ്റിൻകരയിൽ നിന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സ് കേരള– ഓഡിയോ മീഡിയ അവാർഡ് വാങ്ങിയ ഡോക്ടറും കുടുംബവും തിരികെ ആലപ്പുഴയ്ക്കു പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഡോ.മിനിയും ഡ്രൈവർ സുനിൽകുമാറും സംഭവസ്ഥലത്തും പേരക്കുട്ടി ചികിത്സയിലിരിക്കെയും മരിച്ചു.
അപകടം സംബന്ധിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഗ്രേഡ് എസ്ഐ ആന്റണി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും കേസ് ഫയലിന്റെയും പകർപ്പുകൾക്കും മറ്റുമായി ഡോക്ടറുടെ മകനും ബന്ധുക്കളും എത്തിയതോടെയാണ് എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടത്. ഇൻഷുറൻസ് കേസ് വിധി വരുമ്പോൾ കോടിക്കണക്കിനു രൂപ കിട്ടുമെന്നും അതിനാൽ 25,000 രൂപ കൈക്കൂലി വേണമെന്നും പറഞ്ഞു. അതല്ലാതെ രേഖകൾ ലഭിക്കാൻ കാലതാമസം നേരിടുമെന്നും പറഞ്ഞു.ഡോക്ടറുടെ കുടുംബത്തിനൊപ്പം എത്തിയ അഭിഭാഷകന്റെ ഇടപെടലിനൊടുവിൽ 10,000 രൂപ നൽകിയശേഷമാണു കേസ് രേഖകളുടെ പകർപ്പു ലഭിച്ചത്. ബാക്കി തുക പിന്നീടു നൽകണമെന്നും ഗ്രേഡ് എസ്ഐ ആവശ്യപ്പെട്ടു. ഈ തുക ലഭിക്കാനായി അഭിഭാഷകനെ നിരന്തരം ഫോണിൽ വിളിക്കുകയും ചെയ്തു.
പിഞ്ചുകുഞ്ഞ് അടക്കം 2 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന കുടുംബത്തോട് ദയയില്ലാതെ കൈക്കൂലി ചോദിച്ചു വാങ്ങിയ ഗ്രേഡ് എസ്ഐയ്ക്കെതിരെ പൊലീസുകാർക്കിടയിൽ തന്നെ അമർഷം ഉടലെടുത്തിരുന്നു. വിവരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തുകയും ചെയ്തു. തുടർന്ന് കമ്മിഷണർ ഡോക്ടറുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും കേസ് അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തു. അഞ്ചാലുംമൂട് സ്റ്റേഷനിൽ മാസങ്ങൾക്ക് മുൻപാണ് ഗ്രേഡ് എസ്ഐ ആയി ആന്റണി ചുമതലയേറ്റെടുക്കുന്നത്. സമാനമായ ഒട്ടേറെ പരാതികൾ ഗ്രേഡ് എസ്ഐക്കെതിരെ ഉണ്ടെന്നും പറയുന്നു.
%20(3).jpg)
0 Comments