banner

ഇടുക്കിയിൽ ഇന്ന് കോൺ​ഗ്രസ് ഹർത്താൽ!, നിരവധി പരീക്ഷകൾ മാറ്റി

ഇടുക്കി ജില്ലയില്‍ കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.

1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സമരക്കാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. ഓണക്കാലത്ത് വ്യാപാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി, ഹർത്താൽ ബഹിഷ്‌കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കോൺ​ഗ്രസ് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്നു നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റി. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇന്നത്തെ പരീക്ഷകൾ നാളത്തേക്കാണ് ( ഓ​ഗസ്റ്റ് 19) മാറ്റിയത്.

ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.എംജി സർവകലാശാല പരീക്ഷകൾ നാളത്തേക്ക് മാറ്റിയെങ്കിലും പരീക്ഷാ കേന്ദ്രത്തിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ച കഴിഞ്ഞുള്ള പരീക്ഷകൾ 1.30 മുതൽ 4.30 വരെ ആയിരിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

Post a Comment

0 Comments