banner

മാസപ്പടി വിവാദത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടിൽ സി.പി.എം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടിൽ സി.പി.എം. മുഖ്യമന്ത്രിയും പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ. 

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ മാധ്യമ പ്രവർത്തകരുടെ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാതെ വാർത്താ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി. ചോദ്യമുയർന്നപ്പോൾ തന്നെ എഴുന്നേറ്റ ഗോവിന്ദൻ പ്രതികരിക്കാതെ പുറത്തേക്ക് പോവുകയായിരുന്നു. 

സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ കാണാൻ പോയതിനെക്കുറിച്ചുള്ള ചോദ്യമുയർന്നപ്പോഴും എം.വി. ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. സമുദായ നേതാക്കളെ കാണുന്നത് വരം കിട്ടാനല്ല വോട്ടിന് വേണ്ടി തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞു.  സമുദായ സംഘടനകളുടെ തിണ്ണനിരങ്ങാനല്ല പോയത്. സുകുമാരൻനായരെ ആയാലും വെള്ളാപ്പള്ളി  നടേശനെ ആയാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യർഥിച്ച് കാണാൻ പോകുന്നതിൽ തെറ്റില്ല. സമുദായം മുഴുവൻ അവർക്കൊപ്പമാണെന്ന തെറ്റിദ്ധാരണ ഞങ്ങൾക്കില്ല. പക്ഷേ അവരുടെ കൈയ്യിലും വോട്ടുണ്ട്. പുരോഗമന പാർട്ടിയാണ് ഞങ്ങളെങ്കിലും പുരോഗമനമല്ലാത്തവർക്കും വോട്ട് ഉണ്ട് അവരെയും കാണും. വോട്ട് ആണ് പ്രധാനം എന്നും ഗോവിന്ദൻ  പറഞ്ഞു. പുതുപ്പള്ളിയിൽ ഫലപ്രദമായ രീതിയിലുള്ള പോരാട്ടം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബറിൽ കേന്ദ്ര സർക്കാരിനെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തിൽ പ്രതികരിക്കാൻ പാർട്ടി നേതാക്കൾ ഇനി തയ്യാറാവില്ല. കൈപ്പറ്റിയ പണത്തിന്റെ വിശദാംശങ്ങൾ രേഖകൾ സഹിതം പുറത്ത് വന്നിട്ടും മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ടിംഗിനൊപ്പം രാഷ്ട്രീയസ്ഥിതിയും സമീപകാല വിവാദങ്ങളും ചർച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം.വി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചു പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദൻ വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. 

സി.പി.എം നേതൃയോഗങ്ങളിലും മാസപ്പടി ചർച്ചയായില്ലെന്നാണ് സൂചന. വീണ വിജയന്റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വരെയുള്ളവർ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീർത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി. മറ്റ് നേതാക്കളുടെ മക്കൾക്ക് കിട്ടാത്ത പരിഗണനയാണെന്നും വിവാദം അടക്കാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയെന്നുമുള്ള ആക്ഷേപങ്ങൾ സി.പി.എം നേതൃത്വത്തിനെതിരെ ഇതിനകം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയം മിണ്ടരുതെന്നാണ് പാർട്ടി തീരുമാനം.

Post a Comment

0 Comments