തിരുവനന്തപുരം : എൻ.എസ്.എസിനെക്കുറിച്ചുള്ള സി.പി.എമ്മിന്റെ നല്ല വാക്കുകൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷവും ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. എൻ.എസ്.എസിനെതിരായ നാമജപ കേസ് പിൻവലിക്കാനുള്ള നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അയ്യപ്പനെ തൊട്ടപ്പോൾ സി.പി.എമ്മിന് കൈപൊള്ളി. ഇപ്പോൾ ഗണപതിയെ തൊട്ട് കയ്യും മുഖവും പൊള്ളിയിരിക്കുകയാണ്. മതസൗഹാർദ്ദം സൂക്ഷിക്കുന്ന എൻ.എസ്.എസ് വർഗീയ സംഘടനയെന്ന് പറഞ്ഞത് സി.പി.എം നേതാക്കളായ എം.വി ഗോവിന്ദനും എ.കെ ബാലനുമാണ്. ഇപ്പോൾ അവർ പ്ലേറ്റ് മാറ്റുകയാണ്. എൻ.എസ്.എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്തംബർ അഞ്ച് കഴിഞ്ഞാലും വേണമെന്നും മുരളീധരൻ കളിയാക്കി.
കോൺഗ്രസ് എൻ.എസ്.എസിനെ അനുകൂലിച്ചപ്പോൾ വർഗീയത പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു സി.പി.എം പറഞ്ഞത്. എൻ.എസ്.എസിന്റെ ഒരു ചടങ്ങിലും ഇതുവരെ ബി.ജെ.പിയെ ക്ഷണിച്ചിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.
പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെ സമരത്തിലും മുരളീധരൻ പ്രതികരിച്ചു. പ്രസവ ശസ്ത്രക്രിയ നടത്തിയാൽ കുട്ടി പുറത്തും കത്രിക അകത്തും ആകുന്ന അവസ്ഥയാണിപ്പോൾ. കത്രിക പറന്നുവന്ന് വയറ്റിൽ കയറിതാണെന്ന നിലയിലാണ് ചിലരുടെ പ്രതികരണം. ആരോഗ്യ വകുപ്പ് തെറ്റ് അംഗീകരിച്ച് മനുഷ്യത്വം കാണിക്കണം. അബദ്ധം കാണിച്ച ഡോക്ടർക്കെതിരെ നടപടി എടുത്ത് സർക്കാർ ഹർഷിനയോട് മാന്യത കാണിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
%20(8).jpg)
0 Comments