അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ രാവിലെ 11 മുതല്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് അറിയിച്ചത്. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ഗാന്ധിയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആദ്യം സംസാരിക്കുക. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മറുപടി പറയും.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിആര്‍എസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും.
അയോഗ്യനാക്കപ്പെട്ടതിന് നാല് മാസത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തിയത്. വര്‍ഗീയ സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ അദ്ദേഹം ജൂണില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പായി ഇന്ത്യാ സഖ്യം നേതാക്കള്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ യോഗം ചേരും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ ബലപരീക്ഷണവേദി കൂടിയാകും അവിശ്വാസപ്രമേയം.
ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി ആന്ധ്രാപ്രദേശിന് ഫണ്ട് അനുവദിച്ചില്ലെന്നാരോപിച്ച് നോട്ടീസ് നല്‍കിയതോടെയാണ് മോദി ആദ്യ അവിശ്വാസ പ്രമേയത്തെ നേരിട്ടത്. 2018 ജൂലൈ 20 ന് 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 199 വോട്ടുകള്‍ക്ക് മോദി സര്‍ക്കാര്‍ പ്രമേയത്തെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് 325 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് പ്രമേയത്തെ അനുകൂലിച്ച് 126 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ ‘ആലിംഗനവും കണ്ണിറുക്കലും’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

0 Comments