banner

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ സഹീറുദ്ദീന്‍ അലി ഖാന്‍ കുഴഞ്ഞുവീണ് മരിച്ചു!, അന്ത്യം വിപ്ലവ കവി ഗദ്ദാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കവേ, ചാര്‍ട്ടേഡ് അക്കൗണ്ടൻ്റിൽ നിന്ന് മാധ്യമ പ്രവർത്തകനിലേക്ക് തിരിച്ച ‘സിയാസത് ഡെയ്‌ലി’ മാനേജിങ് എഡിറ്ററുടെ വിയോഗം വിശ്വസിക്കാനാകാതെ മാധ്യമ ലോകം


ഹൈദരാബാദ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘സിയാസത് ഡെയ്‌ലി’ മാനേജിങ് എഡിറ്ററുമായ സഹീറുദ്ദീന്‍ അലി ഖാന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഇന്നലെ അന്തരിച്ച വിപ്ലവ കവി ഗദ്ദാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗദ്ദറും സഹീറുദ്ദീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഗദ്ദറിന്റെ മരണം സഹീറുദ്ദീനെ വേദനിപ്പിച്ചിരുന്നതായും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ സഹീറുദ്ദീന്‍ 35 ാംവയസ്സിലാണ് മാധ്യമരംഗത്തേക്ക് വരുന്നത്. കോവിഡ് വ്യാപനകാലത്ത് പലവിധത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സഹീറുദ്ദീന്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഭാര്യയും രണ്ടുമക്കളും ഉണ്ട്.

ഹൈദരാബാദിലെ അല്‍വാളിലുള്ള മഹാബോധി വിദ്യാലയയില്‍ സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിഖ്യാത വിപ്ലവ ഗായകനും നക്‌സലൈറ്റ് നേതാവുമായിരുന്ന ഗദ്ദറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ, പതിനായിരക്കണക്കിനാളുകള്‍ അണിനിരന്ന വിലാപയാത്രയോടെയാണ് ഗദ്ദറിന്റെ മൃതദേഹം മഹാബോധി വിദ്യാലയയില്‍ എത്തിച്ചത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ജനസേനാ പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണും വിസികെ നേതാവ് തോല്‍ തിരുമാവലവനും അടക്കം നിരവധി പ്രമുഖര്‍ ഹൈദരാബാദിലെ എല്‍ ബി സ്റ്റേഡിയത്തിലെത്തി ഗദ്ദറിന് അന്തിമോപചാരമര്‍പ്പിച്ചു.

Post a Comment

0 Comments