banner

ആശുപത്രിയിൽക്കിടന്ന യുവതിയെ സിറിഞ്ചിൽ വായു നിറച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം!, ദുരൂഹത പരിഗണിച്ച് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു


പത്തനംതിട്ട : പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 വകുപ്പുകൾ പ്രകാരമാണ് അനുഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തില്‍ അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നൽകണമെന്നും മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

അരുണിനെ കഴിഞ്ഞ ദിവസം പുളിക്കീഴ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചു. അരുണിനെ കേസിൽ പ്രതിയാക്കത്തക്ക തെളിവുകൾ ഒന്നും ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ദിവസം അനുഷ തന്നെ ഫോണിൽ വിളിച്ചിരുന്നതായി അരുൺ സമ്മതിച്ചിരുന്നു. അനുഷ ആശുപത്രിയിൽ പ്രവേശിച്ച സമയം അരുൺ എങ്ങോട്ടേക്കാണ് പോയത്, വിദേശത്ത് ജോലി ചെയ്യുന്ന സമയം അനുഷയുമായി ഫോണിൽ സൗഹൃദബന്ധം പുലർത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അരുണിൽ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു.

അരുണിന്റെയും അനുഷയുടേയും ഫോണുകൾ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുമ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അനുഷയെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചു.

Post a Comment

0 Comments