കൊച്ചി : ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അർധബോധാവസ്ഥയിൽ നൽകിയ സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് പ്രതിയായ കോളജ് വിദ്യാർഥിയോട് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ ലഹരി പാനീയം നൽകി കോളജിൽ പീഡിപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി നിരീക്ഷണം.
പ്രതിയായ വിദ്യാർഥിക്ക് എസ്‌സി, എസ്ടി പ്രത്യേക കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെയാണ് പ്രതി ഹൈക്കോടതിയിൽ എത്തിയത്.
പ്രതി നൽകിയ പാനീയം കുടിച്ച് പെൺകുട്ടി അർധബോധാവസ്ഥയിലായിരുന്നുവെന്നും പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
വിദ്യാർഥിനിയെ കോളജിൽ വച്ചു പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 18ന് കോളജിൽ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
18 ന് ലൈബ്രറിയിലേക്ക് തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നുവെന്നും ഈ സമയം പ്രതി തനിക്ക് നൽകിയ കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണ് പെൺകുട്ടിയുടെ മൊഴി. അർധ ബോധാവസ്ഥയിൽ കോളജിന്റെ മുകൾ നിലയിലെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പറയുന്നു. പട്ടികജാതി–-വർഗ അതിക്രമം തടയൽ നിയമം, ആവർത്തിച്ചുള്ള ലെംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്

0 Comments