കയ്യാങ്കളിയും റഫറിയുടെ കാർഡ് വീശലുമെല്ലാമായി സംഭവബഹുലമായ ഐഎസ്എൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. വാശിയേറിയ മത്സരത്തിൻെറ അവസാന ഘട്ടത്തിലാണ് താരങ്ങൾ തമ്മിൽ പരസ്പരം പോരടിച്ചത്. രണ്ട് ചുവപ്പുകാർഡുകൾ കണ്ട മത്സരത്തിൽ 1-2നാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്.
അവസാനത്തെ പത്ത് മിനിറ്റ് നേരം കയ്യാങ്കളിയാണ് നടന്നത്. അപ്പോഴേക്കും മുംബൈ വിജയം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ഇരുടീമുകളിലെയും ഓരോ കളിക്കാർക്ക് ചുവപ്പുകാർഡ് ലഭിച്ചത് മാത്രമാണ് ഗുണമായത്! ബ്ലാസ്റ്റേഴ്സിൻെറ മിലോസ് ഡ്രിൻസിച്ചിനും മുംബൈ സിറ്റിയുടെ യോൽ വാൻ നീഫിനുമാണ് ചുവപ്പുകാർഡ് ലഭിച്ചത്.
വിജയവഴിയിൽ മടങ്ങിയതെത്തിയ മുംബൈ സിറ്റി ഐഎസ്എൽ പോയൻറ് പട്ടികയിൽ 7 പോയൻറുമായി രണ്ടാം സ്ഥാനത്തെത്തി. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നാലാം സ്ഥാനത്തും ആയിരിക്കുകയാണ്.
കളിയുടെ ആദ്യപകുതിയിൽ മുംബൈ സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യം. ഹാഫ് ടൈം അവസാനിക്കുന്നതിന് തൊട്ട്മുൻപ് അവർ ആദ്യഗോളും സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പറ്റിയ ഒരു പിഴവ് മുതലാക്കിയായിരുന്നു ജോർജി ഡയസിലൂടെ മുംബൈ സിറ്റി എഫ്സി മുന്നിലെത്തിയത്.
രണ്ടാം പകുതിയിൽ ഗോളെന്നുറച്ച ഒരു അവസരം മുംബൈ സിറ്റി എഫ്സിക്ക് നഷ്ടമായി. 58ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോളടിക്കുകയും ചെയ്തു. ഡാനിഷ് ഫാറൂഖായിരുന്നു ബ്ലാസ്റ്റേഴ്സിൻെറ ഗോൾ സ്കോറർ. പ്രബീർ ദാസ് നൽകിയ ക്രോസിനായി ഓടിയെത്തിയ ഡാനിഷ് മുംബൈ ബോക്സിൽ അപകടം വിതയ്ക്കുകയായിരുന്നു.
എന്നാൽ, മുംബൈയുടെ തിരിച്ചടി വരാൻ അധികസമയം വേണ്ടി വന്നില്ല. ബ്ലാസ്റ്റേഴ്സിൻെറ പ്രതിരോധപ്പിഴവ് മുതലെടുത്ത് തന്നെയാണ് ഗോൾ വന്നത്. പ്രീതം കോട്ടാലിന് സംഭവിച്ച പിഴവ് മുതലാക്കി അപുയ റാൽതെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വല ചലിപ്പിച്ചത്.
ആദ്യം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിനായി ഇറങ്ങിയിരുന്നത്. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ 2-1നും രണ്ടാം മത്സരത്തിൽ ജംഷദ്പുർ എഫ്സിയെ 1-0നുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ചത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇരുമത്സരങ്ങളിലും ഗോൾ നേടിയിരുന്നു.
ശക്തരായ മുംബൈ സിറ്റി എഫ്സി തങ്ങളുടെ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാനായി ഇറങ്ങിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. കളിച്ച ആദ്യമത്സരം ജയിച്ച് ടീം രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്സിയോട് സമനില വഴങ്ങിയിരുന്നു.
0 تعليقات