banner

'ഓപ്പറേഷന്‍ അജയ്'!, ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യവുമായി ഇന്ത്യ, പ്രതീക്ഷിക്കുന്നത് 20000 ത്തിലധികം ആളുകളെ


ന്യൂഡല്‍ഹി : ഹമാസുമായി യുദ്ധം തുടരുന്നതിനിടെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇസ്രായേലില്‍ 20000 ത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് തനിക്കറിയില്ലെന്നും ശോഷാനി കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരളത്തില്‍ നിന്നുള്ള 7000 ത്തോളം പേര്‍ ഇസ്രായേലിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയശങ്കറിനെ അറിയിച്ചിരുന്നു.

അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ജയശങ്കറിന് കത്തയച്ചിരുന്നു. ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന 84 പേരെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ പഠനത്തിനോ ബിസിനസിനോ വിനോദസഞ്ചാരികളായോ ഇസ്രായേലിലേക്ക് പോയവരാണ് അകപ്പെട്ടിരിക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ, സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും സഹായം ആവശ്യമായി വരുന്ന ഇന്ത്യക്കാര്‍ക്ക് വിവരങ്ങളും സഹായവും നല്‍കാനും വിദേശകാര്യ മന്ത്രാലയം ദല്‍ഹിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും ടെല്‍ അവീവിലും റാമല്ലയിലും പ്രത്യേക അടിയന്തര ഹെല്‍പ്പ് ലൈനുകളും സ്ഥാപിച്ചു. അതിനിടെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ഇരുപക്ഷവും പരസ്പരം തുടര്‍ച്ചയായി ആക്രമണത്തില്‍ ഏര്‍പ്പെട്ടതോടെ മരണസംഖ്യ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇസ്രായേലില്‍ സംയുക്ത യുദ്ധകാല സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ പ്രതിരോധ മേധാവിയും മധ്യപക്ഷ പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്റ്‌സും അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചു.

പ്രധാനമന്ത്രി നെതന്യാഹു, ബെന്നി ഗാന്റ്‌സ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരടങ്ങുന്ന ഒരു യുദ്ധകാല മന്ത്രിസഭയാണ് രൂപീകരിച്ചിരിക്കുന്നത്. ഗാന്റ്‌സും നെതന്യാഹുവും ടെല്‍ അവീവിലെ കിര്യ സൈനിക ആസ്ഥാനത്ത് വെച്ച സ്വകാര്യ കൂടിക്കാഴ്ച നടത്തി.യുദ്ധത്തില്‍ ഇതുവരെ 3600 പേര്‍ ഇരുപക്ഷത്തും കൊല്ലപ്പെട്ടതായാണ് വിവരം. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

إرسال تعليق

0 تعليقات