banner

കരുവന്നൂരിലെ പദയാത്ര!, സുരേഷ് ഗോപി ഉൾപ്പെടെ 500 പേര്‍ക്കെതിരെ കേസ്, രാഷ്ട്രീയ പകപോക്കലാണെന്ന് ബി.ജെ.പി


തൃശൂര്‍ : നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ്. സഹകരണ ബാങ്ക് കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സംഭവത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. പദയാത്ര നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ മറ്റ് ബി ജെ പി നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

തൃശൂര്‍ ഈസ്റ്റ് പൊലീസിന്റേതാണ് നടപടി. സുരേഷ് ഗോപിയാണ് ഒന്നാം പ്രതി. ബി ജെ പി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറാണ് രണ്ടാം പ്രതി. നേതാക്കളായ അഡ്വ ബി ഗോപാലകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ ആര്‍ ഹരി, എ നാഗേഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി ജെ പി പദയാത്ര സംഘടിപ്പിച്ചിരുന്നത്.

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. എം ടി രമേശാണ് ഉദ്ഘാടനം പദയാത്രയുടെ സമാപനം സമ്മേളനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരന്‍ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയില്‍ ആദരിക്കുകയും ചെയ്തിരുന്നു.

കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു പദയാത്ര. വലിയ ജനസഞ്ചയമാണ് പാതയോരങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജില്ലാ, മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരു പാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ചൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

എന്നാല്‍ പദയാത്രക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ബി ജെ പി ആരോപിച്ചു. അതേസമയം പദയാത്ര വന്‍ വിജയമാണെന്നായിരുന്നു സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നത്. കണ്ണൂരിലും മാവേലിക്കരയിലും സമാന പ്രക്ഷോഭം വ്യാപിക്കുമെന്നും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയാണ് പദയാത്ര നടത്തുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കുംവരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണം എന്നും അവ അടച്ചു പൂട്ടാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു എന്നായിരുന്നു പദയാത്രയുടെ പിറ്റേദിവസം മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി പറഞ്ഞത്.

إرسال تعليق

0 تعليقات