banner

ഓപ്പറേഷൻ അജയ്: 36 മലയാളികളുൾപ്പെടെ 472 പേർ ഇസ്രയേലിൽ നിന്ന് തിരിച്ചെത്തി


സ്വന്തം ലേഖകൻ
ടെൽ അവീവ് : ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി തിരിച്ച രണ്ട് വിമാനങ്ങൾ ഇന്ന് ഡൽഹിയിൽ എത്തി. ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇന്ന് എത്തിയ ആദ്യ വിമാനത്തിൽ 198 പേരും രണ്ടാം വിമാനത്തിൽ 274 പേരുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലുമായി 36 മലയാളികൾ എത്തി. മടങ്ങി എത്തിയവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. കേന്ദ്രമന്ത്രി കൗശൽ കിഷോർ, വി കെ സിംഗ് എന്നിവർ യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഓപ്പറേഷൻ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ 76 മലയാളികളടക്കം 919 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. വിമാനത്താവളത്തിൽ എത്തിയ മലയാളികളെ കേരള ഹൗസ് അധികൃതർ സ്വീകരിച്ചു. മടങ്ങി എത്തിയവർക്ക് കേരളത്തിലേക്ക് പോകാൻ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ തന്നെ ഒരുക്കിയിരുന്നു.

ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്. വെളളിയാഴ്ച എത്തിയ ആദ്യ വിമാനത്തിൽ 212 പേരാണ് ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയത്. രണ്ടാം വിമാനത്തിൽ 235 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്.

അതേസമയം ഗാസയില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ അവകാശവാദം. ഹമാസിന്റെ പ്രത്യേക സേനയായ നുഖ്ബയുടെ തലവന്‍ ബിലാല്‍ അല്‍-കെദ്രയെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഖാന്‍ യൂനിസില്‍ നടന്ന വ്യോമാക്രമണത്തിലാണ് കെദ്ര കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2329 ആയി. 9714 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ 1300 ഇസ്രയേലികളും കൊല്ലപ്പെട്ടു.

ഇതിനിടെ ഗാസയിലെ ജനങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങള്‍ റഫ ക്രോസിങ് കടക്കാന്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്ത്യന്‍ അതിര്‍ത്തി നഗരമായ അരിഷിലാണ് ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള സഹായങ്ങളുമായി എത്തിയ ട്രക്കുകളുടെ നീണ്ടനീര കാത്തുകിടക്കുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി റഫ പാലം അടച്ചിരിക്കുകയാണ്.

ഈജിപ്തിന്റെ അതിര്‍ത്തിയില്‍ നിന്ന് റഫ പാലം വഴിയുള്ള ക്രോസിങ്ങ് തുറന്നെങ്കിലും തെക്കന്‍ ഗാസ അതിര്‍ത്തിയില്‍ നിന്നുള്ള ക്രോസിങ്ങ് ഇതുവരെ തുറന്നിട്ടില്ല. ഗാസയുടെ ഭാഗത്ത് നിന്നുള്ള ക്രോസിങ്ങ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെക്ക്പോസ്റ്റിലൂടെ ആര്‍ക്കെല്ലാം കടന്നുപോകാന്‍ കഴിയും എന്നതില്‍ ഹമാസ്, ഇസ്രായേല്‍, ഈജിപ്ത് എന്നിവര്‍ക്ക് വ്യത്യസ്ത നിയന്ത്രണമുണ്ട്.

ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഗവണ്‍മെന്റുകള്‍ ഗാസയിലെ തങ്ങളുടെ പൗരന്മാരോട് റഫ ക്രോസിങ്ങിന് സമീപത്തേയ്ക്ക് നീങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റഫ അതിര്‍ത്തി തുറന്നാലും വളരെ കുറച്ച് സമയത്തേക്ക് മാത്രമെ അതിര്‍ത്തി കടക്കാന്‍ അവസരമുണ്ടായിരിക്കൂ എന്നും മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments