banner

'പലസ്തീന്‍ ജനതക്ക് 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക സഹായം'; പ്രഖ്യാപിച്ച് യുഎഇ


സ്വന്തം ലേഖകൻ
അബുദാബി : പലസ്തീന്‍ ജനതക്ക് യുഎഇ ഭരണകൂടം വീണ്ടും സഹായം പ്രഖ്യാപിച്ചു. 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക സഹായം പലസ്തീന് ലഭ്യമാക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പലസ്തീന് സഹായം എത്തിക്കുന്നതിന് വേണ്ടിയുളള ക്യാമ്പയിന് നാളെ തുടക്കം കറിക്കും.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് വഴിയാകും സഹായം എത്തിക്കുക. ഇതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു കഴിഞ്ഞു. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

'ഗാസക്ക് വേണ്ടി അനുകമ്പ' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക.

അതേസമയം ഹമാസ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് സൗദി അറേബ്യ ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) യുടെ അടിയന്തര യോ​ഗം വിളിച്ചു. ബുധനാഴ്ച ജിദ്ദയിൽ വെച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് യോ​ഗം നടക്കുക.

'സൗദി അറേബ്യയുടെ ക്ഷണപ്രകാരം, ഗാസയിലും പരിസരങ്ങളിലും വഷളായിക്കൊണ്ടിരിക്കുന്ന സൈനിക സാഹചര്യങ്ങളും അപകടകരമായ അവസ്ഥകളും പരിഹരിക്കുന്നതിനായി മന്ത്രിതലത്തിൽ ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം വിളിക്കുന്നു. സാധാരണക്കാരുടെ ജീവിതവും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും യോ​ഗത്തിൽ ചർച്ച ചെയ്യും,' ഒഐസിയുടെ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേലുമായുളള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുളള ചർച്ചകൾ നടക്കവെയാണ് സൗദി അറേബ്യ അടിയന്തര യോ​ഗം വിളിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുളള ചർച്ച താത്കാലികമായി സൗദി നിർത്തിവച്ചതായും ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments