സ്വന്തം ലേഖകൻ
തൃക്കരുവ : നിലവിലെ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രാദേശിക സി.പി.എം നേതൃത്വം. തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണം ഏകോപനമില്ലാതെയാണെന്നും വരുമാനം കണ്ടെത്താനുള്ള യാതൊരു ശ്രമവും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നുമാണ് സി.പി.എമ്മിൻ്റെ പ്രധാന വിമർശനം. പഞ്ചായത്തിൻ്റെ ഭരണ സമിതിക്ക് സെക്രട്ടറി പറയുന്നതാണ് വേദവാക്യമെന്നും തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഭരണസമിതിയെ സെക്രട്ടറി ഭയപ്പെടുത്തുന്നതായും സി.പി.എം ആരോപിക്കുന്നു.
മുൻ കാലങ്ങളിൽ തൃക്കരുവ ഗ്രാമ പഞ്ചായത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നു കാഞ്ഞാവെളി മാർക്കറ്റും സാമ്പ്രാണിക്കോടി ലേലക്കടവും. കൊവിഡ് പ്രതിന്ധിക്ക് മുൻപ് കാഞ്ഞാവെളി മാർക്കറ്റിൻ്റെ ചുമതല ലേലത്തിൽ പോയത് ഒരു ലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് സാമ്പ്രാണിക്കോടി ലേലക്കടവിൻ്റേത് നാലു ലക്ഷത്തിന് മുകളിലും. കൊവിഡ് പ്രതിസന്ധിയോടെ അനിശ്ചിതത്വത്തിലായ വ്യാപാരം പുനഃസംഘടിപ്പിക്കാൻ ലേലതുക കുറയ്ക്കാതെ കഴിയില്ലെന്ന് എല്ലാ സാധാരണക്കാർക്കും അറിവുള്ളതാണ്. എന്നാലും 2022 മുതൽ പഞ്ചായത്ത് ലേലതുക കുറച്ച് നൽകാനുള്ള നടപടി സ്വീകരിക്കുകയാണെന്ന് അറിയിക്കുകയല്ലാതെ യാതൊരു നടപടിയും ഈ ദിനം വരെ എടുത്തിട്ടില്ല. ഇതിനാൽ പുതിയ ലേലക്കാരെയും കണ്ടെത്താൻ പഞ്ചായത്തിനായില്ല.
തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സാഹചര്യമുണ്ട്. വേനൽ കാലമാകുമ്പോൾ ഈ പ്രതിസന്ധി ഇരട്ടിയാകും. ഇത് മുൻകൂട്ടി കണ്ടു കൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ പഞ്ചായത്തിന് വർഷങ്ങൾ കടന്നു പോകുമ്പോഴും കഴിഞ്ഞിട്ടില്ല. കാഞ്ഞാവെളിയുടെ പഴയ പ്രതാപകാലം തിരികെ കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് മുൻ ഭരണ സമിതി കാഞ്ഞാവെളിയിൽ എം.എൽ.എ എം.മുകേഷ് മുഖാന്തരം അൻപത് ലക്ഷത്തോളം രൂപ മുടക്കി മാർക്കറ്റ് നിർമ്മാണവും അനുബന്ധ നവീകരണങ്ങളും കാഞ്ഞാവെളിയിൽ കൊണ്ടുവന്നത് പക്ഷെ ഉള്ളത് പോലും ശരിയായി ഉപയോഗിക്കാൻ അറിയാത്ത രീതിയിലാണ് പഞ്ചായത്തിൻ്റെ നടപടികൾ.
സാംസ്കാരിക നിലയത്തിലെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ളാതായ പുസ്തകങ്ങൾ പൊടിയടിക്കുകയാണ്. കേവലം അവിടെയൊരു കമ്മിറ്റിയെ നിലവിൽ കൊണ്ടുവരാനോ പ്രവർത്തനം ഏകോപിപ്പിക്കുവാനോ പഞ്ചായത്തിന് കഴിയുന്നില്ല. മാർക്കറ്റിന് മുന്നിലെ തുറന്ന സ്റ്റേജ് നവീകരിച്ച് വരുമാന മാർഗ്ഗം കണ്ടെത്തുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് പ്രവർത്തിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ പ്രാക്കുളം ശാഖ പ്രവർത്തിക്കുന്നത് കാഞ്ഞിരംകുഴിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാഞ്ഞാവെളിയിലെ മാവേലി സ്റ്റോറിൻ്റെയും സ്ഥിതി മറ്റൊന്നല്ല അതും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് മാർക്കറ്റിന് മുകളിൽ കെട്ടിടം പണിയാൻ പഞ്ചായത്ത് ഫണ്ട് കണ്ടെത്തിയാൽ തന്നെ വലിയൊരു വരുമാന സാധ്യതയാണ് തുറന്നു വരുന്നത് സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പഞ്ചായത്ത് കെട്ടിടങ്ങളിലേക്ക് മാറുക വഴി കാഞ്ഞാവെളിയുടെ മുഖശ്ചായ തന്നെ മാറിമറിയും.
കേന്ദ്രഫണ്ടുകൾ എത്തിക്കാൻ നാളിതുവരെ ബി.ജെ.പി അംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഏതൊരു എം.പിക്കും രാജ്യത്ത് എവിടെയും ഫണ്ട് ഉപയോഗിക്കാൻ കഴിയും എന്നിരിക്കെയാണ് യാതൊരു വിധ വികസന സംഭാവനയും ബി.ജെ.പി നൽകുന്നില്ല. എന്നാലും സംസ്ഥാനത്തിൻ്റെ വിഭവശേഷി ഉപയോഗിച്ച് എം.എൽ.എ എന്ന നിലയിൽ തൃക്കരുവ യുടെ വികസനത്തിന് എം. മുകേഷ് ഒപ്പമുണ്ട്. പതിനഞ്ചു വർഷക്കാലത്തിലധികമായി എം.പിയായ പ്രേമചന്ദ്രൻ്റെ ഫണ്ട് തുശ്ചമായത് മാത്രമാണ് ഈ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പഞ്ചായത്തിലേക്ക് എത്തിച്ചേർന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളെല്ലാം മുൻ നിർത്തി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിവിധ സി.പി.എം നേതാക്കൾ അഷ്ടമുടി ലൈവിനോട് വെളിപ്പെടുത്തി.

0 Comments