സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിജയദശമി ദിനമായ ഇന്ന് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ അഞ്ചു കുഞ്ഞുങ്ങൾക്കാണ് സംസ്ഥാന മുഖ്യമന്ത്രി എഴുത്തിനിരുത്തിയെന്ന ഭാഗ്യം ലഭിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ തൻ്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രി പങ്കുവെച്ചു.ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്‍റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവർക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെയെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവർക്കും മഹാനവമി വിജയദശമി ആശംസകളും നേർന്നു.

0 Comments