സ്വന്തം ലേഖകൻ
ഭോപാൽ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനെതിരെ ജനപ്രിയ നടൻ വിക്രം മസ്തലിനെ രംഗത്തിറക്കി കോൺഗ്രസ്. ആനന്ദ് സാഗറിന്റെ 2008ലെ ടെലിവിഷൻ പരിപാടിയായിരുന്ന രാമായണത്തിൽ ഹനുമാനായി വേഷമിട്ട് ആണ് വിക്രം മസ്തൽ പ്രശസ്തനായത്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
ചൗഹാനെതിരെ ബുധ്നി മണ്ഡലത്തിലായിരിക്കും വിക്രം മസ്തൽ മത്സരിക്കുക. മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷനുമായ കമൽ നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകൻ ജയവർധൻ സിങിനെ രാഘിഗഠ് സീറ്റിൽ നിന്ന് മത്സരിപ്പിക്കും. കഴിഞ്ഞ കമൽനാഥ് സർക്കാരിൽ മന്ത്രിയായിരുന്നു ജയവർധൻ സിങ്.
മുൻ രാജ്യസഭാംഗം വിജയ് ലക്ഷ്മി സാധോ മഹേശ്വരർ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കും. മുൻ ക്യാബിനറ്റ് മന്ത്രി ജിതു പട്‌വാരി, റാവു അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ജനറൽ കാറ്റഗറിയിൽ നിന്ന് 47 പേരെയും ഒബിസി വിഭാഗക്കാർ 39, 30 പട്ടിക വർഗക്കാർ, 22 പട്ടിക ജാതിക്കാർ, 1 മുസ്ലിം, 19 സ്ത്രീകൾ എന്നിങ്ങനെയാണ് മധ്യപ്രദേശിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക.
230ൽ 136 സീറ്റുകളുള്ള മധ്യപ്രദേശിലെ പകുതിയിലധികം നിയമസഭാ മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 17 ന് നടക്കും. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടത്തുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
.jpg)
0 Comments