banner

പാലസ്തീന്‍ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്!, പ്രധാനമന്ത്രിയോട് പാലസ്തീനൊപ്പം നില്‍ക്കാൻ ആവശ്യപ്പെടുന്നു, നെതന്യാഹു ഒരു പിശാച്, പരോക്ഷ വിമർശനവുമായി ഒവൈസി


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 'പിശാച്' എന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 'പലസ്തീനികള്‍ക്കെതിരായ അതിക്രമം തടയാന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയാണ്. പാലസ്തീന്‍ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്' എന്നും ഒവൈസി പറഞ്ഞു. നെതന്യാഹു ഒരു പിശാചും സ്വേച്ഛാധിപതിയും യുദ്ധകുറ്റവാളിയും ആണെന്നും ഒവൈസി വിമര്‍ശിച്ചു.

'ഗാസയില്‍ പത്ത് ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. ലോകം മൗനത്തിലാണ്. ഗാസയിലെ ജനങ്ങള്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാണ്. മാധ്യമങ്ങള്‍ പക്ഷപാതപരമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.70 വര്‍ഷമായി ഇസ്രായേല്‍ അധിനിവേശം നടത്തുകയാണ്. നിങ്ങള്‍ക്ക് അധിനിവേശമോ അക്രമമോ കാണാന്‍ കഴിയുന്നില്ല.' ഒവൈസി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും ഒവൈസി രംഗത്തെത്തി. പലസ്തീനെ പിന്തുണക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഒരു ബാബാ മുഖ്യമന്ത്രി പറയുന്നത്. എങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട് നോക്കൂ മുഖ്യമന്ത്രി, ത്രിവര്‍ണ്ണ പതാകയും പലസ്തീന്റെ പതാകയുമാണ് ഞാന്‍ അണിഞ്ഞിരിക്കുന്നത്. ഞാന്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്.' ഒവൈസി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. 1,500ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്‍ 260 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ബയ്ത് ലഹിയ നഗരത്തില്‍ 10 പേരും തെക്കന്‍ ഖാന്‍ യൂനിസില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2215ആയി. 8714 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 700 കുട്ടികളുമുണ്ട്.

Post a Comment

0 Comments