കൊല്ലം : ഗൃഹനാഥനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. മുൻ വൈരാഗ്യത്തെത്തുടർന്ന് അക്രമം നടത്തിയ കിളികൊല്ലൂർ പാൽകുളങ്ങര കെ.ആർ നഗർ18 സുഷാന്ത് ഭവനിൽ സുജിത്ത് (36) ആണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പാൽക്കുളങ്ങര സ്വദേശി അശോക് കുമാറിനെയാണ് (46) മർദ്ദിച്ചത്. 2022ൽ പാൽക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സുജിത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിവരം അശോക് കുമാറാണ് പൊലീസിൽ അറിയിച്ചതെന്ന പേരിലായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം 28ന് പാൽക്കുളങ്ങര വൈ.എം.എ ക്ലബ്ബിന്റെ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനിടെ സുജിത്ത് പുറത്ത് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചെന്നപ്പോഴാണ് ആക്രമിച്ചത്. മുഖത്ത് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും കമ്പി വടികൊണ്ട് മൂക്കിൽ അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിരുന്നു. സംഭവ ശേഷം പ്രതി ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തവെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൈയ്യേറ്റം, ആക്രമണം അടക്കം കിളികൊല്ലൂർ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് സുജിത്ത്.
0 تعليقات