banner

കൊല്ലത്തെ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പൊതുജനം!, ബസ് ജീവനക്കാരനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി, മർദ്ദനം വിദ്യാർഥികൾക്ക് കൺസഷൻ ആനുകൂല്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി


കൊല്ലം : വിദ്യാർഥികൾക്ക് കൺസഷൻ ആനുകൂല്യം നൽകുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെ ആക്രമിച്ചതായി ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർ നഗരത്തിൽ ഇന്നലെ മിന്നൽ പണിമുടക്ക് നടത്തി. ചവറ- ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനെ ആക്രമിച്ചതായി ആരോപിച്ചായിരുന്നു പ്രതിഷേധം.

വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ച കരിക്കോട്ടെ സ്വകാര്യ കോളേജിന് സമീപം ജീവൻസ് ബസ് തടഞ്ഞിരുന്നു. ഇതേ സംഘം വ്യാഴാഴ്ച പലയിടങ്ങളിലും വച്ച് ജീവൻസ് ബസ് തടഞ്ഞ് അസഭ്യവർഷം നടത്തി. ഇതിന് ശേഷം വൈകിട്ട് കാവനാട് വച്ച് ബസ് തടഞ്ഞുനിറുത്തുകയും കണ്ടക്ടറായ വിമലിനെ മർദ്ദിക്കുകയും ആണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചുള്ള സ്വകാര്യ ബസ് സമരത്തെ തുടർന്ന് ഇന്നലെ യാത്രക്കാർ വലഞ്ഞു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ വിമൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേ സമയം വിദ്യാർഥികൾക്ക് കൺസഷൻ ആനുകൂല്യം നൽകുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ വാക്കുതർക്കവും തുടർന്ന് ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് എസ്.എഫ്.ഐ യുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ പറഞ്ഞു. ആക്രമണം ഉണ്ടായതായ വാർത്ത അവർ നിഷേധിച്ചു.

إرسال تعليق

0 تعليقات