banner

പെട്രോള്‍ പമ്പ് പൊലീസ് ജീപ്പിടിച്ചു തകർത്ത സംഭവം!, കാലപ്പഴക്കം മൂലം ജീപ്പിന്റെ ജോയിന്റ് പൊട്ടിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്തതിനു ശേഷം പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറി, പൊലിസ് ജീപ്പ് ഡ്രൈവര്‍ക്കും കാറിലുണ്ടായിരുന്നയാള്‍ക്കും പരിക്ക്, രാവിലെ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കണ്ണൂര്‍ നഗരത്തിലെ കലക്ടറേറ്റിന് മുൻപിലെ പെട്രോള്‍ പമ്പ് പൊലീസ് ജീപ്പിടിച്ചു തകര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.

തിങ്കളാഴ്‌ച്ച പുലര്‍ച്ചെ ആറു മണിക്കാണ് കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ പൊലിസ് ജീപ്പ് കലക്ടറേറ്റിനു മുൻപിലെ പെട്രോള്‍ പമ്പിലേക്ക് റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് എതിര്‍ ദിശയിലേക്ക് പാഞ്ഞുകയറിയത്. പൊലീസ് ജീപ്പിന് ഇൻഷുറൻസും ഇല്ലായിരുന്നു. ജീപ്പിന്റെ ജോയിന്റ് പൊട്ടിയതിനാല്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്തതിനു ശേഷം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് പോയി പെട്രോള്‍ നിറയ്ക്കുന്ന മെഷിനും തകര്‍ത്തു.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. പൊലിസ് ജീപ്പ് ഡ്രൈവര്‍ക്കും കാറിലുണ്ടായിരുന്നയാള്‍ക്കുമാണ് പരുക്കേറ്റത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി അപകടമൊഴിവാക്കി. ഇന്ധന ചോര്‍ച്ചയില്ലാത്തതിനാലാണ് വൻ അപകടമൊഴിവായത്. ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു. ഹാരിസ് ബ്രദേഴ്‌സ് കമ്പനി പെട്രോളിയം ബങ്കിലേക്കാണ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു കയറിയത്.

കലക്ടറേറ്റിനു മുൻപിലെ ഡിവൈഡറുകളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ സിഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും എട്ടു മണിയോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പമ്പില്‍ നിന്നും മാറ്റി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ പമ്പില്‍ സാധാരണയായി നല്ല വാഹന തിരക്ക് അനുഭവപ്പെടാറുണ്ട്.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൊലീസ് ജീപ്പിന്റെ കാലപ്പഴക്കമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments