സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 41 നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും വെള്ളിയാഴ്ചയോടെ രാജ്യംവിട്ടു. ഇന്ത്യയില്‍ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുണ്ടായിരുന്നത്.
നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനൊപ്പം ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളുംകാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ മുന്നറിയിപ്പുണ്ട്.
മൂന്ന് നഗരങ്ങളിലും താത്ക്കാലികമായി കോണ്‍സുലേറ്റ് നടപടികള്‍ കാനഡ നിര്‍ത്തിവെച്ചു. അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ഡല്‍ഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കനേഡിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതോടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തുല്യത പാലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാനഡയുടെ നടപടി.

0 Comments