banner

കടുത്ത വർഗീയത നിറഞ്ഞ ഫോൺ കോൾ!, റെക്കോർഡ് ചെയ്ത ആഡിയോ പ്രചരിച്ചു, പിന്നാലെ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി, വർഗീയ വേർതിരിവ് സെക്രട്ടറിക്ക് നേരത്തെയുമുണ്ടെന്ന് ലീഗ്

കണ്ണൂര്‍ : കടുത്ത വർഗീയ പരാമർശങ്ങളുള്ള ഫോൺ സംഭാഷണം വിവാദമായതിനു പിന്നാലെ കണ്ണൂർ പാനൂർ നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി. എ. പ്രവീണിനെ മാനന്തവാടിയിലേക്കാണ് മാറ്റിയത്. ഉദ്യോഗസ്ഥനെതിരെ നഗരസഭ ചെയർമാനും മുസ്ലിം ലീഗും പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഎമ്മും സെക്രട്ടറിക്കെതിരെ രംഗത്തുവന്നു. പ്രവീണിനെ പുറത്താക്കാൻ പ്രമേയം പാസാക്കാൻ ഇന്ന് അടിയന്തര കൗൺസിൽ ചേരാനിരിക്കെയാണ് സ്ഥലം മാറ്റം. 

പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണും ഓഫീസിലെ ജീവനക്കാരനും തമ്മിലുള്ളത് എന്ന പേരിലാണ് ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വർഗീയ പരാമർശങ്ങൾ അടങ്ങിയതാണ് പ്രചരിക്കുന്ന ഫോൺ സംഭാഷണം. നഗരസഭാ ചെയർമാനെതിരെയും കൗൺസിലർമാർക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങളും അസഭ്യവും നിറഞ്ഞതാണ് സംഭാഷണം. സംഭവത്തില്‍ സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരത്തിനിരങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 

സ്വകാര്യ സംഭാഷണത്തിലാണ് വിദ്വേഷ പരാമ‍ർശങ്ങള്‍ ഉള്ളത്. അതുകൊണ്ട് നിയമോപദേശം തേടിയ ശേഷം മാത്രം സെക്രട്ടറിക്കെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. തനിക്കെതിരെയുളളത് ഗൂഢാലോചനയെന്നും ശബ്ദം തന്‍റേതെന്ന് എവിടെയും വ്യക്തമല്ലെന്നും സെക്രട്ടറി വാദിക്കുന്നു. എന്നാല്‍, വർഗീയ വേർതിരിവ് സെക്രട്ടറിക്ക് നേരത്തെയുമുണ്ടെന്നാണ് ലീഗ് ആരോപണം. സംഭവത്തില്‍ വകുപ്പുതല നടപടിയും യുഡിഎഫ് ആവശ്യപ്പെടുന്നു. വിദ്വേഷ പരാമർശങ്ങൾ തള്ളിയ സിപിഎമ്മും സെക്രട്ടറിക്കെതിരെയുളള കൗൺസിൽ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات