banner

ജനപ്രീതി ഇടിഞ്ഞ് രണ്ട് എംപിമാർ; കോണ്‍ഗ്രസിന് മൂന്നിടങ്ങളില്‍ വിജയം എളുപ്പമല്ലെന്നും റിപ്പോര്‍ട്ട്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തില്‍ രണ്ട് കോണ്‍ഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്ന് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട് മണ്ഡലങ്ങള്‍ അത്രകണ്ട് സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരില്‍ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയില്‍ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആൻ്റോ ആൻ്റണി എന്നിവരുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആൻ്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. അതേസമയം മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക് പ്രസിഡണ്ടുമാരെയും നിയമിക്കുന്നതില്‍ അടക്കം ആൻ്റോ ആൻ്റണി എടുത്ത നിലപാട് എതിര്‍പ്പുകള്‍ ഒരു പരിധിവരെ കുറച്ചിട്ടുണ്ട് എന്നും കണക്ക് കൂട്ടുന്നു.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കരുവന്നൂര്‍ ബാങ്ക് അടക്കമുള്ള സഹകരണ വിഷയങ്ങളും വിലക്കയറ്റവും കാര്യമായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ആയാല്‍ ജനപ്രീതിയിലെ അളവ് ഒരു പരിധിവരെ മറികടക്കാന്‍ ആകുമെന്നും കനഗോലുവിന്റെ റിപ്പോര്‍ട്ട് പറയുന്നു. ശബരിമല വിഷയം കത്തിക്കയറി നിന്ന സാഹചര്യം, പ്രധാനമന്ത്രിയാകുമെന്ന് വിലയിരുത്തിയ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് ഇതുരണ്ടും കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചെങ്കിലും ഇത്തവണ കാര്യങ്ങള്‍ അത്രകണ്ട് ശുഭകരമല്ലെന്നാണ് വിലയിരുത്തല്‍. എം കെ രാഘവന്റെ കോഴിക്കോട്, നിലവില്‍ സിറ്റിംഗ് എംപിയായ കെ സുധാകരന്റെ കണ്ണൂര്‍, ടി എന്‍ പ്രതാപന്‍ എംപിയായ തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ വിജയം എളുപ്പമല്ല. നിലവിലെ സാഹചര്യം എതിര്‍ സ്ഥാനാര്‍ത്ഥികളായി എത്താന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ എന്നിവയും പൊതുഅഭിപ്രായവും പരിഗണിച്ചാണ് നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ജനപ്രീതി വീണ്ടെടുക്കാനും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ എങ്ങനെ നിലനിര്‍ത്താം എന്നത് സംബന്ധിച്ചും കനഗോലുവിനോട് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതും സംസ്ഥാന നേതൃത്വത്തിന് ഏറെ ആശങ്ക ഉള്ളതുമായ മറ്റൊരു മണ്ഡലം കൂടിയുണ്ട്. ബെന്നി ബഹനാന്റെ ചാലക്കുടി മണ്ഡലം. ട്വൻ്റി 20 ആംആദ്മിയുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ അത് കോണ്‍ഗ്രസ് സാധ്യതകളെ കാര്യമായി ബാധിക്കും. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത ആശങ്കയും ഉണ്ട്.

Post a Comment

0 Comments