banner

രസീതിൽ തുക മാറ്റിയെഴുതി പണം തട്ടി!, ഇരുപതിനായിരത്തിലധികം രൂപ തട്ടിയത് ദേവസ്വം വാച്ചർ, പ്രതി ശബരിമലയിൽ പിടിയിലായി


സ്വന്തം ലേഖകൻ
പത്തനംതിട്ട : രസീതിൽ തുക മാറ്റിയെഴുതി പണം തട്ടിയ സംഭവത്തിൽ ദേവസ്വം വാച്ചർ പിടിയിൽ. ശ്രീമാത അക്കോമഡേഷൻ സെന്ററിലെ കെയർ ടേക്കറായ ശ്രീകാന്ത് എസ്പി ആണ് ശബരിമലയിൽ പിടിയിലായത്. ഇയാൾ മുറിയെടുക്കുന്ന ഭക്തരുടെ റെസിപ്റ്റുകളിൽ ക്രമക്കേട് നടത്തി വൻതുക തട്ടുകയായിരുന്നു.

ഏകദേശം 21,590 രൂപയുടെ ക്രമക്കേടുകളാണ് ഇയാൾ നടത്തിയത്. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുറിയെടുക്കുന്ന തീർത്ഥാടകർക്ക് നൽകുന്ന രസീതിൽ കൂടുതൽ തുകയും ദേവസ്വത്തിന്റെ പക്കൽ സൂക്ഷിക്കുന്ന ഡ്യൂപ്ലിക്കേറ്റ് രജിസ്റ്ററിൽ കുറഞ്ഞ തുകയും എഴുതിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

നെയ്യാറ്റിൻകര ഗ്രൂപ്പിലെ കേളേശ്വരം വാച്ചറാണ് പ്രതി. ഇയാളെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ശബരിമലയിൽ ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാവരും രാത്രി മലകയറി പുലർച്ചെ നിർമാല്യം കണ്ടു നെയ്യഭിഷേകവും നടത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്.

അതിനാൽ ദർശനത്തിനു പുലർച്ചെ തിക്കും തിരക്കുമാണ്. 9 കഴിഞ്ഞാൽ വലിയ തിരക്കില്ല. അതിനു ശേഷം വരുന്ന തീർഥാടകർക്കു വലിയ നടപ്പന്തലിൽ അധികനേരം കാത്തുനിൽക്കാതെ പതിനെട്ടാംപടി കയറാൻ കഴിയുന്നുണ്ട്. അതുപോലെ വൈകിട്ട് 4നു നട തുറക്കുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Post a Comment

0 Comments