banner

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, ഡിവൈഎഫ്ഐ നേതാവായ യുവതിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്, വാർത്തകളിൽ ഇടം നേടാൻ വ്യാജ വിവരങ്ങൾ നൽകിയതായി ആരോപണം


സ്വന്തം ലേഖകൻ
കൊല്ലം : ഓയൂരിൽ ആറു വയസ്സുകാരിയായ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവായ യുവതി വ്യാജവിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചതായി ആരോപണം. വാർത്തകളിൽ ഇടംപിടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വനിതാ നേതാവ് വ്യാജവിവരങ്ങൾ നൽകിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തട്ടികൊണ്ടു പോയ സംഘം കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ സമീപത്ത് കൂടിയവരാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചത്. 

ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയെന്ന മട്ടിൽ  ഡിവൈഎഫ്ഐ വനിതാ നേതാവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ്സ് ആരോപിക്കുന്നത്. ഇത് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.

കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു മുന്നിൽ 2 യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയെന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. കാറിന്റെ നമ്പറും സൂചിപ്പിച്ചിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നുമാണ്
യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലെ ആവശ്യം.

Post a Comment

0 Comments