banner

എങ്ങനെയുണ്ട് പരിപാടിയെന്ന് കെ.കെ ശൈലജയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയോട്!, ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകി പിണറായി വിജയൻ, കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ 'കണ്ണൂർ' വാർത്തകൾ പാർട്ടിക്ക് അത്ര ശുഭകരമല്ല, സി.പി.എം രാഷ്ട്രീയത്തില്‍ അടിയൊഴുക്ക് ശക്തമാകുന്നു


സ്വന്തം ലേഖകൻ
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ കണ്ണൂരില്‍ സി.പി.എം രാഷ്ട്രീയത്തില്‍ അടിയൊഴുക്ക് ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ സര്‍വാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി അകന്നിരിക്കുകയാണ് ഇരു നേതാക്കളും. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടു പണം വാങ്ങിയെന്നു പറയുന്ന നേതാക്കളുടെ പട്ടികയില്‍ തന്റെ പേരുകൂടി കൂട്ടിച്ചേര്‍ത്തത് ബോധപൂര്‍വ്വമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു.

താൻ പണം കൈപ്പറ്റിയെന്നു ഒരാളും പറയില്ല. കേസിലെ പ്രതിയായ സതീഷ് കുമാര്‍ മട്ടന്നൂര്‍ സ്വദേശിയാണ്. തന്റെ മണ്ഡലത്തിലെ ഒരു വ്യക്തിയെന്ന നിലയില്‍ അയാളെ അറിയാമെന്നല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.ഇതിനിടെനവകേരളയാത്രകഴിഞ്ഞ തോടെ മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് പാത്രമായ കെ.കെ ശൈലജയും പാര്‍ട്ടിക്കുള്ളില്‍ പരുങ്ങിലിലായി.

മട്ടന്നൂരില്‍ നടന്ന നവകേരള സദസില്‍ അധികമായി പ്രസംഗിച്ച സ്ഥലം എംഎല്‍എയായ കെ.കെ ശൈലജയെ വേദിയില്‍ വെച്ചു തന്നെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതാണ് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ക്ളീൻ ഇമേജുള്ള കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ ശൈലജയുടെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാക്കിയത്. നവകേരള സദസ് വിജയിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരുമാസക്കാലം രാപകല്‍ പ്രവര്‍ത്തിച്ച കെ.കെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

പ്രസംഗം നീണ്ടു പോവുന്നുവെന്നു തോന്നുകയാണെങ്കില്‍ അതു അധ്യക്ഷയായ കെ.കെ ശൈലജയെ ഔചിത്വത്തോടെ അറിയിക്കാൻ മറ്റുമാര്‍ഗങ്ങളുണ്ടായിരുന്നുവെന്നും പൊതുവേദിയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ കേട്ടുനില്‍ക്കവെ തുറന്നടിച്ചു സംസാരിച്ചത് ശരിയായില്ലെന്ന വാദം ഒരു വിഭാഗം ജില്ലാ നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടിയിലും ഭരണത്തിലും സര്‍വാധികാരിയായ മുഖ്യമന്ത്രിയെ വിമര്‍ശിക്കാൻ ഈക്കാര്യത്തില്‍ ഭയം കൊണ്ടു പലരും തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി പാര്‍ട്ടിയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചുവന്ന കെ.കെ ശൈലജയെ ഒതുക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കോവിഡ്കാലത്ത് അവര്‍ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ പ്രശംസ നേടിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായി കെ.കെശൈലജ മാറിയത്.

ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജയ്ക്കു ആരോഗ്യമന്ത്രി സ്ഥാനം കിട്ടിയില്ലെന്നു മാത്രമല്ല ഭരണഘടനാപദവിയിലൊന്നും അടുപ്പിക്കാതെ അവര്‍ എംഎല്‍എയായി ഒതുങ്ങേണ്ടിയും വന്നു. വ്യക്തിപൂജാവിവാദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും ഒതുക്കപ്പെട്ട പി.ജയരാജന്റെ വഴിയെ തന്നെയാണ് കെ.കെ ശൈലജയുടെയും രാഷ്ട്രീയ ജീവിതം സഞ്ചരിക്കുന്നു. രണ്ടാം പിണറായ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയെ നിയോഗിക്കണമെന്നു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ വൃന്ദാകാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഒന്നാം ഗേറ്റില്‍ നടന്ന നവകേരളസദസ് മട്ടന്നൂര്‍ മണ്ഡലം തല പരിപാടിയിലെ അധ്യക്ഷയായ കെ.കെ ശൈലജ വിശദമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയില്‍ നീരസമുണ്ടാക്കിയത്. കെ. കെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചതുകൊണ്ടു മന്ത്രിമാര്‍ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളയാത്രയില്‍ ഞങ്ങള്‍ 21- പേരുണ്ടെങ്കിലും മൂന്നു പേര്‍ക്ക് സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി.

സമയം കുറച്ചു കൂടുതലായി പോയിയെന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ചു ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരിലെ പരിപാടി അത്രവലിയ പരിപാടിയായി തോന്നിയില്ലെന്നു തന്റെ പ്രസംഗത്തിനിടെ കൊട്ടാനും മുഖ്യമന്ത്രി മറന്നില്ല. സൗഹൃദസംഭാഷണത്തിനിടെ ഭാസ്‌കരന്മാഷ് ( കെ.കെ ശൈലജയുടെ ഭര്‍ത്താവ്) എന്നോട് ചോദിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ പരിപാടികളൊക്കെ കണ്ടു ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്നു താൻ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലായിടത്തും ജനങ്ങൾ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മട്ടന്നൂർ നിയോജകമണ്ഡലം നവകേരളസദസ്‌കണ്ണൂർ വിമാനത്താവളത്തിലെ ഒന്നാംഗേറ്റ് പരിസരത്താണ് വൻപന്തൽ നിർമ്മിച്ചു ഒരുക്കിയത്. വൻജനക്കൂട്ടമാണ് നവകേരളസദസിൽ പങ്കെടുത്തത്. എംഎൽഎയെന്ന രീതിയിൽ മികച്ച പ്രവർത്തനം നടത്തുന്ന കെ.കെശൈലജയെ മനഃപൂർവ്വം ഇകഴ്‌ത്താനാണ് മുഖ്യമന്ത്രി ബോധപൂർവ്വം പ്രസംഗിച്ചതെന്ന വിമർശനം പരിപാടിയിൽ പങ്കെടുത്ത സാധാരണക്കാരായ പാർട്ടി അനുഭാവികളിൽ നിന്നും ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments