സ്വന്തം ലേഖകൻ
കൊല്ലം : ആശ്രാമം മൈതാനത്ത് കുട്ടിയെ കിട്ടിയതായ വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പുള്ള അഷ്ടമുടി ലൈവ് ന്യൂസിന് ലഭിച്ച ദൃശ്യങ്ങളിലാണ് കുഞ്ഞ് അഭിഗേൽ സാറാ തോമസിന് സംരക്ഷണം ഒരുക്കുന്ന ചെറുപ്പക്കാരുടെ മനം നിറയ്ക്കുന്ന കാഴ്ചയുള്ളത്. ഈ ദൃശ്യങ്ങളിൽ കേരളക്കരയുടെ മുഴുവൻ വികാരവും ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ആ കുട്ടിയെ കണ്ടെത്തുന്നു കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ തന്നെ ആ കുട്ടിക്ക് ബിസ്ക്കറ്റും വെള്ളവും രണ്ട് യുവതികൾ എത്തിച്ചു നൽകുന്നു. ഒപ്പമുള്ളവർ ആ കുട്ടിക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് സാധിച്ചു നൽകാനായി അവർ ഒപ്പം നിൽക്കുന്നു. അതിലുപരി പോലീസ് വരുന്നതുവരെ ആ കുട്ടിയുമായി അടുത്തിടപഴകുന്നു. കുട്ടിക്ക് ഒരു തരത്തിലുള്ള ഭയപ്പാടുകൾ ഉണ്ടാകുന്ന സാഹചര്യമില്ലാതെ പോലീസ് വരുന്നതുവരെ ആ കുട്ടിയെ സംരക്ഷിക്കുന്ന കാഴ്ച കേരളത്തിന്റെ മനസാക്ഷിയുടെ കാഴ്ചയാണ്. അതാണ് ലഭ്യമായ ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.
ഇന്നുച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായ ഒരു വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും. വനിതാ എസ്ഐ ഷബ്നയുടെ നേതൃത്വത്തിലുള്ള സംഘം വിവരം സ്ഥിരീകരിക്കുകയും കുട്ടിയെ നേരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ആയിരുന്നു. തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം സ്റ്റേഷനിൽ നിന്ന് കൊല്ലത്തെ എ ആർ ക്യാമ്പിലേക്ക് കുട്ടിയെ മാറ്റി. ഇവിടെനിന്ന് തുടർനടപടികൾക്ക് ശേഷം കുട്ടിയെ ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്യും എന്നാണ് നിലവിൽ ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം.
അതേസമയം കഴിഞ്ഞദിവസം നാലരയോടെയാണ് കേരളക്കരയെ ആകെ ഞെട്ടിച്ചുകൊണ്ട് കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷന് പോകവേ ഒന്നാം ക്ലാസുകാരിയായ ആറുവയസ്സുകാരിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന് 21 മണിക്കൂറോളം നീണ്ട ശ്രമകരമായ അന്വേഷണത്തിന്റെ പുരോഗതി എന്ന നിലയിലാണ് കുട്ടിയെ ആശ്രമം ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.

0 Comments