banner

നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണി: രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു


സ്വന്തം ലേഖകൻ
തലശ്ശേരി : തലശ്ശേരി ചമ്പാട് എല്‍.പി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് ദൗര്‍ഭ്യാഗകരമായ സംഭവമെന്ന് കെ.എസ്.യു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ബാലാവകാശ കമ്മിഷന് പരാതി നല്‍കി.

കണ്ണൂര്‍ തലശ്ശേരിയില്‍ ചെമ്പാട് വെസ്റ്റ് എല്‍പി സ്‌കൂള്‍, വെസ്റ്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തി നവകേരളാ സദസ്സിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ച സംഭവം അപമാനകരമാണ്. മാത്രവുമല്ല മുദ്രാവാക്യം വിളി അവസാനിപ്പിച്ച വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ വീണ്ടും വിളിക്കാന്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ പത്ര -ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണി എന്നും പൊരിവെയിലത്ത് കുരുന്നുകളെ ഇറക്കി നിര്‍ത്തി ഈ അതിക്രമം കാണിച്ചത് ആരെ പ്രീണിപ്പിക്കാനാണന്ന് അധ്യാപകര്‍ വ്യക്തമാക്കണമെന്നും അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത വിഷയത്തില്‍ കടുത്ത ബാലാവകാശ ലംഘനം വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരായ അധ്യാപകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments