banner

അഞ്ചാലുംമൂട്ടിലെ ബിൽഡിംഗിൻ്റെ വാടക കുടിശ്ശിക ഇനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് കിട്ടാനുള്ളത് രൂപ 36 ലക്ഷം!, സ്ഥാപനസാമഗ്രികൾ പിടിച്ചെടുക്കാൻ റവന്യൂ റിക്കവറി, ആറുമാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ വൈകി തന്നെ - എക്സ്ക്ലൂസീവ്


ഇൻഷാദ് സജീവ് 
അഞ്ചാലുംമൂട് : അഞ്ചാലുംമൂടിൻ്റെ ഹൃദയഭാഗത്ത് മാർക്കറ്റിന് സമീപം ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 36 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിലെ ലോക്കൽ ഫണ്ട് ഓഡിറ്റിംഗിലാണ് 36.09 ലക്ഷം രൂപ കൂടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കുന്നത്. ഈ തുക എന്തുകൊണ്ട് ഈടാക്കിയില്ലെന്ന ഓഡിറ്റ് എൻക്വയറിക്ക് മറുപടിയായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയത് റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാൻ ഇരിക്കുകയാണെന്ന വിശദീകരണമാണെന്നും ഓഡിറ്റിൽ പറയുന്നു. എന്നാൽ ഈ തുക ഈടാക്കി തനത് ഫണ്ടിൽ ഒടുക്കു വരുത്തണമെന്ന നിർദ്ദേശം ഓഡിറ്റ് മുന്നോട്ടുവെച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കൈകൊണ്ടിട്ടില്ല.

ഒന്നിലധികം കടമുറികൾ സ്വകാര്യ ലോബികൾ ആണ് വാടകയ്ക്ക് എടുത്തതെന്ന് നേരത്തെ പരോക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ വകവയ്ക്കാതെയാണ് പലപ്പോഴും വാടക കരാർ പുതുക്കി ബ്ലോക്ക് പഞ്ചായത്ത് സേവനം തുടർന്നത്. ഈ നടപടികളാണ് ബ്ലോക്ക് പഞ്ചായത്തിന് തലവേദന സൃഷ്ടിച്ചതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. അതേസമയം, വാടക നൽകാനുള്ള പല സ്ഥാപനങ്ങളും നേരത്തെ പൂട്ടിപ്പോയെന്നും അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നും ഇല്ലാത്ത കെട്ടിടം ആയതിനാൽ ആണ് ഇത്തരത്തിൽ പൂട്ടി പോകേണ്ടി വന്നതെന്നും ഒരു വ്യാപാരി അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. യഥാക്രമം അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയിരുന്നെങ്കിൽ ഇത്തരം പിന്മാറ്റം തടയാമായിരുന്നു. എന്നാൽ അതിന് ബ്ലോക്ക് പഞ്ചായത്ത് വേണ്ടുന്നതായ യാതൊരു ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ചില വ്യക്തികൾ കയ്യടക്കിയിരിക്കുന്ന കടമുറികൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവിടെയെല്ലാം റവന്യൂ റിക്കവറി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

0 Comments