banner

അഷ്ടമുടി വള്ളക്കടവ് ബോട്ട് ജെട്ടിയുടെ ഉദ്ഘാടനത്തിന് പ്രസിഡൻ്റിനെ വിളിച്ചില്ലെന്ന് പരാതി!, "പരിപാടി തീരുമാനിച്ചത് ലോക്കൽ ആളുകൾ ചേർന്ന്, ഒന്നാമതേ മുഖ്യമന്ത്രി വരുന്നതിൻ്റെ തിരക്കിലാണ് ഞങ്ങൾ", പ്രതികരിക്കാനില്ലെന്ന് ക്ഷോഭിച്ച് എം.മുകേഷ് എം.എൽ.എ

ഇൻഷാദ് സജീവ്
അഷ്ടമുടി വള്ളക്കടവിൽ ഉൾനാടൻ ജലഗതാഗതവകുപ്പിൻ്റെ ഫണ്ടുപയോഗിച്ച് പുനരുദ്ധാരണം നടത്തിയ ബോട്ട് ജെട്ടിയുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡൻ്റിനെ വിളിച്ചില്ലെന്ന പരാതിയോട് പ്രതികരിച്ച് എം.മുകേഷ് എം.എൽ.എ. "പരിപാടി തീരുമാനിച്ചത് ലോക്കൽ ആളുകൾ ചേർന്നാണെന്നും ഒന്നാമതേ മുഖ്യമന്ത്രി വരുന്നതിൻ്റെ തിരക്കിനിടയിൽ പെട്ടെന്ന് അവിടെ വന്നു പോയതാണെന്നും എൻ്റെ പ്രതികരണം കിട്ടി നിങ്ങൾ വിഷയത്തിൽ എരിപിരി കേറ്റെണ്ടെന്നുമാണ്" എം.എൽ.എ പ്രതികരിച്ചത്. പ്രസിഡൻ്റ് നമ്മുടെ സ്വന്തം ആളാണെന്നും അവർക്ക് മറ്റെന്തെങ്കിലും മീറ്റിംഗ് ഉള്ളതുകൊണ്ടാകും പങ്കെടുക്കാതിരുന്നതെന്നും, എന്നെ ഈ വിഷയത്തിൽ ഉൾപ്പെടുത്തേണ്ടെന്നും എം.എൽ.എ എം. മുകേഷ് അഷ്ടമുടി ലൈവിനോട് പറഞ്ഞു.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനെ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്ന വാർത്ത ചില മാധ്യമങ്ങൾ നൽകിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ചോദ്യങ്ങൾ ആരാഞ്ഞപ്പോഴാണ് എം.എൽ.എ ക്ഷോഭിച്ചത്. എസ്.സി വിഭാഗക്കാരിയായതിനാൽ നേരത്തേയും മനഃപൂർവം പല പരിപാടികളിൽ നിന്നും ഒഴിവാക്കി നിർത്തപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സരസ്വതി രാമചന്ദ്രൻ മറ്റൊരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. ഈ വിഷയം കൂടി ഉൾപ്പെടുത്തി കൊണ്ടാണ് അഷ്ടമുടി ലൈവ് ലേഖകൻ മുകേഷ് എംഎൽഎയോട് ചോദ്യങ്ങൾ ആരാഞ്ഞത്.

Post a Comment

0 Comments