ഇൻഷാദ് സജീവ്
തൃക്കരുവ : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പശുവിനായുള്ള ധനഹായം തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഒരാൾക്ക് തന്നെ നൽകിയെന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ വാർത്തയായതിന് പിന്നാലെ പ്രതികരിച്ച് സി.പി.എം നേതാവും തൃക്കരുവ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ ആർ.രതീഷ്. സർക്കാർ നിർദ്ദേശങ്ങളെ അവഗണിച്ച് ഒരാൾക്ക് തന്നെ മൂന്ന് തവണ പണം നൽകിയെന്ന ഓഡിറ്റിലെ കണ്ടെത്തൽ ഗുരുതരമാണ്. ഇത്തരം പ്രവർത്തനങ്ങളെ അഴിമതി എന്നല്ലാതെ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഈ സംഭവത്തെ സംബന്ധിച്ച അഷ്ടമുടി ലൈവ് വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇപ്പോഴാണ് വിവരം അറിയാനിടയായത്. നിർവ്വഹണോദ്യോഗസ്ഥരെ സ്വാധീനിച്ച് ഭരണ സമിതിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അംഗങ്ങൾ താല്പര്യമുള്ളവർക്ക് സബ്സിഡി ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ ഗുണഭോക്താക്കൾ ഇല്ലെങ്കിൽ പോലും മേൽ ആനുകൂല്യം തുടർച്ചയായി ഒരാൾക്ക് തന്നെ നൽകാൻ കഴിയില്ല. താല്പര്യമുള്ളവർക്ക് വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സബ്സിഡി തുക നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. നൽകിയ തുക തിരികെ ഈടാക്കണമെന്ന ഓഡിറ്റ് പരാമർശം ഗൗരവമുള്ളതാണെന്നും വീഴ്ച വരുത്തിയവരെ സഹായിക്കുന്ന നിലയാണ് പഞ്ചായത്തിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം, 2021-22 ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 66 പേരെ പിന്തള്ളിക്കൊണ്ട് പശുവിനെ വാങ്ങാൻ ധനസഹായം നൽകിയ ഒഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ അഷ്ടമുടി ലൈവാണ് പുറം ലോകത്തെ അറിയിച്ചത്. അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ യഥാക്രമം 66 പേർ ശേഷിക്കെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം നിർവ്വഹണോദ്യോഗസ്ഥൻ ഈ വ്യക്തിക്ക് പണം അനുവദിച്ചത്. തുടർച്ചയായ മൂന്ന് തവണയും പശുവിനെ വാങ്ങാൻ ഇദ്ദേഹത്തിന് തന്നെ ധനസഹായം നൽകിയെന്ന ഗുരുതര കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. മൂന്ന് വർഷങ്ങളിലായി ഇത്തരത്തിൽ നൽകിയ 27,500 രൂപ നിർവ്വഹണോദ്യോഗസ്ഥരിൽ നിന്നും തിരികെ ഈടാക്കാനും ഓഡിറ്റ് ആവശ്യപ്പെടുന്നു. വിഷയത്തിൽ വിശദീകരണം ലഭ്യമാക്കണമെന്ന് അറിയിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനും, സെക്രട്ടറി, നിർവ്വഹണോദ്യോഗസ്ഥൻ എന്നിവരെ ബന്ധപ്പെട്ടെങ്കിലും ഓഡിറ്റ് കാലാവധിയിൽ മറുപടി ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
.jpg)
0 Comments