banner

നൂൽ ചിത്രം ഏറ്റുവാങ്ങി മുഖ്യമന്ത്രി!, ഇരവിപുരത്തെ നവകേരളസദസ്സിൽ ചാത്തിനാംകുളം സ്വദേശിക്ക് സ്വപ്നസാഫല്യം, കൈപിടിച്ച് അഭിനന്ദിച്ച് പിണറായി വിജയൻ


പ്രത്യേക ലേഖകൻ 
ഇരവിപുരം : നൂലിൽ തീർത്ത സ്വന്തം ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങിയപ്പോൾ ചാത്തിനാംകുളം സ്വദേശി  രഞ്ജിത്തിന് ഇത്  സ്വപ്നസാഫല്യം. സദസ്സിൽ തടിച്ചുകൂടിയ പതിനായിരത്തോളം ജനങ്ങളെ സാക്ഷി നിർത്തിയാണ് രഞ്ജിത്ത് പടികയറി ഇന്ന് നവ കേരള സദസ്സിന്റെ വേദിയിലേക്ക് എത്തിയത്. താനേറെ കാണാൻ കൊതിച്ച ഒരു നേതാവ് തന്നെ കാത്ത് അവിടെ നിൽക്കുന്നത് അപ്പോഴും രഞ്ജിത്തിന് വിശ്വസിക്കാനായില്ല. പിന്നൊന്നും ചിന്തിച്ചില്ല ദിവസങ്ങൾ ചിലവഴിച്ച് സകല പരിമിതികളെയും അതിജീവിച്ച് താൻ നിർമ്മിച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി. ആശ്ചര്യത്തോടെയും നിറഞ്ഞ പുഞ്ചിരിയോടും കൂടിയുമാണ് അദ്ദേഹം ആ ചിത്രം ഏറ്റുവാങ്ങിയത് ശേഷം തനിക്കായി ഇത്രയും സമയം ചിലവഴിച്ച് പ്രയത്നിച്ച രഞ്ജിത്തിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല. ഹസ്തദാനം നൽകി അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഇരവിപുരത്തെ നവകേരള സദസിന്റെ വേദിയിൽ വച്ചാണ് കേരള മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെ സാക്ഷിനിർത്തി മുഖ്യമന്ത്രി ആ ചിത്രം ഏറ്റുവാങ്ങിയത്. സ്ഥലം  എംഎൽഎ എം. നൗഷാദും ഒപ്പമുണ്ടായിരുന്നു. ഏറെ തവണ താൻ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിച്ചില്ലെന്നും രഞ്ജിത്ത് പറയുന്നു.

നവ കേരള സദസ്സ് ഇവിടെയെത്തുന്നുണ്ട് എന്നറിഞ്ഞ് സിപിഐഎം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം (മങ്ങാട്) എം.എ സത്താറിനെയും ചാത്തിനാംകുളം സ്വദേശിയും സിപിഎം പ്രവർത്തകനുമായ സുരേഷിനെയും, പെരുമൺ എൽ.സി സെക്രട്ടറി വിജയ കുമാറിനെയും, സി.പി.എ.സി പീപ്പിൾസ്  ആർട്സ് ക്ലബ് & ലൈബ്രറി പ്രസിഡന്റ് ബിൻഷാദിനെയും രഞ്ജിത്ത് സമീപിക്കുകയായിരുന്നു. ഇവരാണ് കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയന് ഈ ചിത്രം കൈമാറാൻ സാഹചര്യമൊരുക്കിയത്. പ്രയാസമേറിയ ചിത്രപ്പണികൾക്ക് രഞ്ജിത്തിനെ സഹായിക്കാൻ അമ്മ രമ ദേവിയും അച്ഛൻ വിമലനും കൂട്ടിനുണ്ട്.  9744582510 ഈ നമ്പറിൽ രഞ്ജിത്തിനെ ബന്ധപ്പെടാം.

Post a Comment

0 Comments