ഇൻഷാദ് സജീവ്
പഞ്ചായത്ത് മീറ്റിംഗ് ഹാളിലേക്ക് എസി സ്ഥാപിക്കുവാനായി ദർഘാസ് പരസ്യം നൽകി തൃക്കരുവ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയ പരസ്യമാണ് കഴിഞ്ഞ ദിവസം അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നത്. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ എസി സ്ഥാപിക്കുന്നത് കൂടാതെ കമ്പ്യൂട്ടർ അനുബന്ധ ഐഎംസി ഉപകരണങ്ങൾക്കും വിവിധ മരാമത്ത് പ്രവർത്തികൾക്കുമായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ പലതും ഫണ്ടിന്റെ അപര്യാപ്തത മൂലം പൂർത്തിയാകാതിരിക്കുകയും മറ്റ് അടിയന്തര പദ്ധതികൾ നിർത്തിവച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ വരെയുള്ള ടെണ്ടറുകൾ ക്ഷണിച്ചത്. പഞ്ചായത്ത് മീറ്റിംഗ് ഹാളിലേക്ക് എസി വാങ്ങാനുള്ള പരസ്യം പ്രസിദ്ധീകരിച്ചതോടെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ വിവരം ഇന്നലെ അഷ്ടമുടി ലൈവ് ന്യൂസ് ആണ് പുറത്തുവിട്ടത്.
തൃക്കരുവ പഞ്ചായത്ത് കാര്യാലയത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മീറ്റിംഗ് റൂം ആണ് പഞ്ചായത്ത് ശീതികരിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഫാൻ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ നിലനിൽക്കുകയാണ്. എസി വരുന്നതോടെ ഈ ഉപകരണങ്ങൾ ഉപയോഗശൂന്യമാകുമെന്നാണ് വിമർശകരുടെ പക്ഷം. പഞ്ചായത്തിലെ ഇഞ്ചവിള ഉൾപ്പെടെയുള്ള വാർഡുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്നുണ്ട് ഇതിന് സമയബന്ധിതമായി പരിഹാരം കാണാനാകാത്ത സാഹചര്യം കൂടി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. താൽക്കാലികമായി പോലും കുടിവെള്ളത്തിന് ആവശ്യമായ പരിഹാരം കാണാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല. കുടിവെള്ള വിതരണവും ഏകദേശം മന്ദഗതിയിലാണ്. പഞ്ചായത്ത് അധീനതയിൽ ഉള്ള റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ ആയി.
പരിഹാര മാർഗ്ഗങ്ങൾ ആരാഞ്ഞപ്പോൾ ഫണ്ടില്ല എന്ന മറുപടിയും. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെയുള്ള പഞ്ചായത്ത് മന്ദിരത്തിലെ തണുപ്പിക്കലിന് പിന്നിൽ ഉദ്യോഗസ്ഥ ഭരണമാണെന്നും ചിലർ ആരോപിക്കുന്നു.

0 Comments