ഇൻഷാദ് സജീവ്
തൃക്കരുവ : കോൺഗ്രസ്സ് ഭരിക്കുന്ന തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം ശരിയല്ലെന്ന് വിധിയെഴുതി ഓഡിറ്റ് റിപ്പോർട്ട്. 2021-22 ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് മരണപ്പെട്ട സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ തുക വിതരണം ചെയ്തതായി കണ്ടെത്തിയത്. 4,75,700 രൂപയാണ് ഈ ഇനത്തിൽ മരണപ്പെട്ട സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ പഞ്ചായത്ത് വിതരണം ചെയ്തത്. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനോട് ഈ വിഷയത്തിൽ കാരണം വിശദമാക്കാൻ ഓഡിറ്റ് ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള വിതരണങ്ങളിൽ സുക്ഷ്മ പരിശോധന നടത്തണമെന്ന നിർദ്ദേശവും ഓഡിറ്റ് മുന്നോട്ടുവയ്ക്കുന്നു.
അതേ സമയം, 2021-22 ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 66 പേരെ പിന്തള്ളിക്കൊണ്ട് പശുവിനെ വാങ്ങാൻ ഒരാൾക്ക് മൂന്നു വർഷങ്ങളിൽ തുടർച്ചയായി ധനസഹായം നൽകിയ വാർത്ത അഷ്ടമുടി ലൈവ് ഇന്നലെ പുറത്തുവിട്ടിരുന്നു. അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ യഥാക്രമം 66 പേർ ശേഷിക്കെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം നിർവ്വഹണോദ്യോഗസ്ഥൻ ഈ വ്യക്തിക്ക് പണം അനുവദിച്ചത്. തുടർച്ചയായ മൂന്ന് തവണയും പശുവിനെ വാങ്ങാൻ ഇദ്ദേഹത്തിന് തന്നെ ധനസഹായം നൽകിയെന്ന ഗുരുതര കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. മൂന്ന് വർഷങ്ങളിലായി ഇത്തരത്തിൽ നൽകിയ 27,500 രൂപ നിർവ്വഹണോദ്യോഗസ്ഥരിൽ നിന്നും തിരികെ ഈടാക്കാനും ഓഡിറ്റ് ആവശ്യപ്പെടുന്നു. വിഷയത്തിൽ വിശദീകരണം ലഭ്യമാക്കണമെന്ന് അറിയിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനും, സെക്രട്ടറി, നിർവ്വഹണോദ്യോഗസ്ഥൻ എന്നിവരെ ബന്ധപ്പെട്ടെങ്കിലും ഓഡിറ്റ് കാലാവധിയിൽ മറുപടി ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ടെന്നും അഷ്ടമുടി ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
ആ സമയത്ത്, പഞ്ചായത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് കക്ഷി നില ഒരേപോലെ ആയതിനാൽ നറുക്കെടുത്താണ് യു.ഡി.എഫ് അധികാരത്തിലേറിയത്. പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണമായതിനാൽ സാംബ്രാണിക്കോടിയിലെ കോൺഗ്രസ്റ്റ് വനിതാ സ്ഥാനാർത്ഥിയെ യു.ഡി.എഫ് പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയും ഘടകകക്ഷിയായ കാഞ്ഞിരംകുഴിയിലെ ആർ.എസ്.പി സ്ഥാനാർത്ഥി സുലഭയെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയും ആയിരുന്നു. നിലവിൽ പ്രധാന സ്റ്റാൻ്റിംഗ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത് എൽ.ഡി.എഫാണ്. മുൻകാലങ്ങളിൽ നിന്ന് വിപരീതമായി രണ്ടു സീറ്റുകൾ നേടിയ ബി.ജെ.പി ഭരണത്തിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാതെ വിട്ടു നിന്നിരുന്നു.
.jpg)
0 Comments