സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വര്‍ഷം132 പേര്‍ക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നല്‍കുന്നത്.
ഈ സാമ്പത്തിക വര്‍ഷം അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ മുഴുവൻ പേര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 732 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യൻസി അവാര്‍ഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാര്‍ക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നല്‍കിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങള്‍ക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. അര്‍ഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2347768, 9497281896.
0 Comments