banner

കൂട്ടുകാരൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ പോയി!, പിന്നെ നാളിതുവരെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി


കൊച്ചി : സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. എറണാകുളത്താണ് സംഭവം. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് കാണാതായത്.

ഞായറാഴ്ച മുതലാണ് പ്രവീണിനെ കാണാതായത്. പ്രവീണിനായി രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയായിരുന്നു. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്.

സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച പ്രവീണ്‍കുമാര്‍ പോയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു.

വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ഒരു സുഹൃത്താണ് ഇത് വീട്ടില്‍ എത്തിച്ച് നല്‍കിയത്. എത്ര മദ്യപിച്ചാലും പ്രവീണ്‍ പുലര്‍ച്ചെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്താറുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Post a Comment

0 Comments