സ്വന്തം ലേഖകൻ
അയോധ്യ : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ പ്രവേശിച്ച് രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറിയതോടെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചക്ക് 12.29ന് പ്രാണ പ്രതിഷ്ഠാ കർമ്മം പൂർത്തിയാക്കി.
രാമ വിഗ്രഹത്തിലേക്ക് പ്രാണൻ ആവാഹിക്കുന്നു എന്നാണ് പ്രാണ പ്രതിഷ്ഠയുടെ സങ്കൽപ്പം. വിഗ്രഹത്തിന്റെ കണ്ണുകൾ മറച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. പ്രാണൻ ആവാഹിച്ച ശേഷം വിഗ്രഹത്തിന്റെ കണ്ണുകൾ മൂടിയിരുന്ന തുണി മാറ്റി. ഈ സമയം വിഗ്രഹത്തിന് അഭിമുഖമായി കണ്ണാടി സ്ഥാപിച്ചിരുന്നു. വൻ ശക്തി ആവാഹിച്ച വിഗ്രത്തിന്റെ ആദ്യ ദർശനം ഏൽക്കുന്നവർക്ക് ദോഷമുണ്ടാകാതിരിക്കാനാണ് വിഗ്രഹത്തെ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്നത് എന്നാണ് വിശ്വാസം.
ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി ഉൾപ്പെടെയുള്ള നേതാക്കൾ അതിഥികളെ അഭിസംബോധന ചെയ്തു. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.
നേരത്തേ, വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിലാണ് മോദി അയോധ്യയിലേക്ക് എത്തിയത്. സ്ഥലത്ത് രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര, വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ നീണ്ടനിരയാണ്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ചിരഞ്ജീവി, രാംചരൺ, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, സൈന നേവാൾ, മിതാലി രാജ്, അനിൽ അംബാനി, കുമാരമംഗലം ബിർല തുടങ്ങിയവരെല്ലാം പ്രാണപ്രതിഷ്ഠാ ചടങ്ങിന് സന്നിഹിതരായിരുന്നു.
അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനം.
.jpg)
0 Comments