banner

മലയാളചിത്രമായ 'മായാനദി' അവസാന ചിത്രം!, ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ അന്തരിച്ചു, വിടവാങ്ങിയത് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാര ജേതാവ്


സ്വന്തം ലേഖകൻ
ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.

ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം.

1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ 'തിത്തിത്തേ താളം' എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്‍), നാദസ്വരം കേട്ടോ (പാന്‍മുടി പുഴയോരത്ത് )എന്നീ ഗാനങ്ങള്‍ ആലപിച്ചു.

ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫില്‍ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി.

പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവന്‍ ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവര്‍ സഹോദരങ്ങളാണ്‌ പരസ്യ എക്‌സിക്യൂട്ടീവായ ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്.

Post a Comment

0 Comments