സ്വന്തം ലേഖകൻ
യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് ബദിയടുക്കയില്‍ എലി വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വിദ്യാർഥിനിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പനുസരിച്ച് കോട്ടക്കുന്ന് സ്വദേശിയും, ഇരുപത്തിനാലുകാരനുമായ അൻവറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി, യുവാവിന്റെ നിരന്തരമുള്ള ശല്യം സഹിക്ക വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാർഥിനിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു. നില ഗുരുതരമായതോടെ പെൺകുട്ടിയെ കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തിരികെ കാസർകോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പെൺകുട്ടി മജിസ്ട്രേട്ടിനും പൊലീസിനും മൊഴി നൽകിയതോടെയാണ് കേസെടുത്തത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ പെൺകുട്ടി വിഷം കഴിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അൻവര്‍, സാഹില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ ശല്യം ചെയ്ത മുഴുവൻ പേരെകുറിച്ചും പെൺകുട്ടി ബന്ധുക്കൾക്ക് വിവരം നൽകിയിരുന്നതായി പറയുന്നു. ആരോപണ വിധേയരായ കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സാമൂഹിക മാധ്യമം വഴി വിദ്യാർഥിനിയെ പരിചയപ്പെട്ട അൻവറിനെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.അടുപ്പം മുതലെടുത്ത് നേരത്തെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ അന്‍വര്‍ ഇതോടെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മരണമൊഴി. ഫോണിലൂടെയും സ്കൂളില്‍ പോകുന്ന വഴിയും ഭീഷണി മുഴക്കി.
കൈയിലുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊല്ലുമെന്നും പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. അറസ്റ്റിലായ അന്‍വര്‍, സാഹില്‍ എന്നിവര്‍ക്കെതിരെ പോക്സോ, ആത്മഹത്യാ പ്രേരണാ കുറ്റം അടക്കമുള്ള വകുപ്പുകള് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ അൻവറിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. അൻവറിന്റെ കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. പെൺകുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

0 Comments