സ്വന്തം ലേഖകൻ
ജനുവരി ഒന്നിനുണ്ടായ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസമേ ആകുന്നുള്ളൂ. പൂര്‍ണമായി ഓര്‍മ തിരിച്ചുകിട്ടിയിട്ടില്ല. ആശുപത്രിവിട്ടെത്തുമ്പോള്‍ കാത്തിരിക്കാന്‍ മകന്‍ അഖില്‍കുമാര്‍ വീട്ടിലുണ്ടാകില്ലെന്ന് ഇദ്ദേഹത്തിനറിയില്ല.
പത്തനംതിട്ട തിരുവല്ല റോഡില്‍ കുന്നിലത്തുപടിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് അഖില്‍കുമാര്‍ (26) മരിച്ചത്. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണ്. പുന്നപ്ര ചള്ളിക്കടപ്പുറത്തിനടുത്ത് പുതുവല്‍ എന്ന വീട്ടിലാണ് രണ്ടുമാസമായി താമസിച്ചു വരുന്നത്.
തിരുവല്ലയില്‍ ഗുരുമന്ദിരത്തില്‍ ശാന്തിക്കാരനായിരുന്ന ബിജു വീട്ടിലേക്കുവരുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കു ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തിന് ആശുപത്രിവിടണമെങ്കില്‍ ചികിത്സാച്ചെലവായ മൂന്നുലക്ഷത്തിലേറെ രൂപ അടയ്ക്കണം. ഇത്രയും വലിയ തുക കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് താങ്ങാനാകാത്ത ദുരന്തമായി അഖിലിന്റെ വേര്‍പാട്.
കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു അഖില്‍കുമാര്‍. സീതത്തോട് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി വാനില്‍ പച്ചക്കറിലോറിയിടിച്ചായിരുന്നു അപകടം നടന്നത്. നാടന്‍പാട്ടുസംഘത്തിലെ കലാകാരന്മാരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ മറ്റു വാഹനങ്ങളിലായാണ് പോയത്.
അഖിലിനൊപ്പമുണ്ടായിരുന്ന മുതുകുളം സ്വദേശി സുര്‍ജിത്ത് ഗുരുതരപരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഭാര്യ ധന്യയും മൂന്നരവയസ്സുള്ള മകന്‍ അദ്വിക്കും അഖിലിന്റെ കുടുംബത്തോടൊപ്പം വാടകവീട്ടിലാണു കഴിഞ്ഞു വരുന്നത്.
%20-%20Copy%20-%202024-01-30T112203.971.jpg)
0 Comments