സ്വന്തം ലേഖകൻ
ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി പി.സി ജോർജ്. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ നേതൃത്വവുമായി ഇന്ന് പിസി ജോർജ് ചർച്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജ് സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്. പൂഞ്ഞാർ മുൻ എംഎൽഎയായ പിസി ജോർജ് നിലവിൽ ജനപക്ഷം പാർട്ടിയുടെ നേതാവാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പിസി ജോർജ് ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ പുറത്തു വന്നിരുന്നു. പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായി. ഇതിനിടെയാണ് ഡൽഹിയിൽ പിസി ജോർജ് എത്തുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുകയെന്ന് കേരള ജനപക്ഷം (സെക്യുലർ) തീരുമാനിച്ചിരുന്നു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ പിസി ജോർജ് ബിജെപിയിൽ ചേരുമോ അതേ പാർട്ടി എൻഡിഎയുടെ ഭാഗമാകുമോ എന്നതും ചോദ്യമായുണ്ട്. ഏതായാലും ബിജെപിയ്‌ക്കൊപ്പമാകും പിസി ജോർജ് എന്ന് വ്യക്തമാണ്. പിസി ജോർജിനെ മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അന്തിമ തീരുമാനം എടുക്കും.
ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം, നദിയിൽ തോട് ചേരുന്നു.. അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. "ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്.
നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല"- പി.സി ജോർജ് പറഞ്ഞു. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദേശമെങ്കിൽ നിൽക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങൾക്ക് ഉത്തമമെന്ന് പിസി ജോർജിന്റെ പാർട്ടി വിലയിരുത്തിയിരുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി, എൻ.ഡി.എ. നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി. ജോർജ്, ഇ.കെ. ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്, പി.വി. വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും പാർട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഡൽഹി ചർച്ച.

0 Comments