സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കമായിരിക്കെ വലിയൊരു തിരിച്ചടിയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ഡിയോറ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയില്‍ ചേര്‍ന്നിരിക്കുകയാണ്. കുടുംബത്തിന്റെ 55 വര്‍ഷമായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മിലിന്ദ് രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടുത്തിടെയായി കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഭരണമേറ്റതിനുശേഷം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് മറ്റ് ഇടങ്ങളിലേയ്ക്ക് ചേക്കേറി. 2019 മുതല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ ചില പ്രമുഖ നേതാക്കള്‍ ആരൊക്കെയെന്ന് നോക്കാം.
മിലിന്ദ് ഡിയോറ
കോണ്‍ഗ്രസിലെ അതികായനായിരുന്ന മുരളി ഡിയോറയുടെ മകനാണ് മിലിന്ദ് ഡിയോറ. കുടുംബത്തിന്റെ 55 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്ബര്യം വിട്ട് ഷിൻഡെ പക്ഷത്ത് എത്തിയിരിക്കുകയാണ് ഡിയോറ. വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നതിനായാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് എന്നാണ് ഡിയോറയുടെ വിശദീകരണം.
കപില്‍ സിബല്‍
മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന കപില്‍ സിബല്‍ 2022ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേയ്ക്ക് നോമിനേഷൻ സമര്‍പ്പിച്ചതിന് ശേഷമായിരുന്നു പാര്‍ട്ടിവിട്ട വിവരം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തീരുമാനം പെട്ടെന്ന് സ്വീകരിച്ചതല്ലെന്നും ഒരു പാര്‍ട്ടിയുടെയും അംഗമാകില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.
ഗുലാം നബി ആസാദ്
2022ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ ആഘാതത്തിലൊന്നാണ് പ്രമുഖ നേതാവായ ഗുലാം നബി ആസാദിന്റെ രാജി. ജമ്മുകാശ്‌മീര്‍ മുൻ മുഖ്യമന്ത്രിയും ജി23 വിമത ഗ്രൂപ്പിന്റെ ഉന്നതനുമായിരുന്ന ഗുലാം നബി ആസാദിന്റെ രാജി പാര്‍ട്ടിയെ നന്നായി ഉലച്ചു. ഏറെ പൊട്ടിത്തെറിയുണ്ടാക്കിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിയെ പക്വതയില്ലാത്തയാള്‍ എന്ന് പോലും അദ്ദേഹം പരാമര്‍ശിച്ചു. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ജമ്മുകാശ്‌മീരില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിക്കാണ് അദ്ദേഹം രൂപം നല്‍കിയത്.
ഹാര്‍ദ്ദിക് പട്ടേല്‍
ഗുജറാത്തിലെ പാട്ടിദര്‍ നേതാവായ ഹാര്‍ദ്ദിക് പട്ടേല്‍ 2022ലാണ് കോണ്‍ഗ്രസ് വിട്ടത്. 2019ല്‍ തന്നെ പാര്‍ട്ടിയിലെത്തിച്ച രാഹുല്‍ ഗാന്ധിക്ക് തന്റെ രാജിക്കത്തിലൂടെ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് പട്ടേല്‍ പാര്‍ട്ടിവിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മൊബൈല്‍ ഫോണുകളാല്‍ ശ്രദ്ധതിരിക്കപ്പെടുകയാണെന്നും അവര്‍ക്ക് ചിക്കൻ സാൻഡ്‌വിച്ച് നല്‍കുന്നതിനാണ് ഗുജറാത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു പട്ടേലിന്റെ പടിയിറക്കം. ഒരു മാസത്തിന് ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.
അശ്വിനി കുമാര്‍
2022ല്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. 2019ലെ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ആദ്യ മുതിര്‍ന്ന യുപിഎ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം.
സുനില്‍ ജക്കാര്‍
പഞ്ചാബ് കോണ്‍ഗ്രസ് യൂണിറ്റിന്റെ അദ്ധ്യക്ഷനായിരുന്ന സുനില്‍ ജക്കാര്‍ 2022ലാണ് പാര്‍ട്ടി വിട്ടത്. അപ്പോഴത്തെ മുഖ്യമന്ത്രി ഛരണ്‍ജിത്ത് സിംഗ് ഛന്നിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം താക്കീത് നല്‍കിയതിന് പിന്നാലെയായിരുന്നു പടിയിറക്കം. തുടര്‍ന്ന് അതേവര്‍ഷം തന്നെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് ബിജെപി പഞ്ചാബ് യൂണിറ്റ് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു.
ആര്‍പിഎൻ സിംഗ്
മുൻ കേന്ദ്രമന്ത്രി ആര്‍പിഎൻ സിംഗ് 2022 ജനുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവാണ് അദ്ദേഹം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യുപി പ്രചാരണത്തില്‍ പിന്തള്ളപ്പെട്ടതില്‍ പിന്നോക്ക ജാതിയില്‍പ്പെട്ട പ്രമുഖനായ സിംഗ് അതൃപ്തനായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യ
നിലവിലെ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുകയും ശിവരാജ് സിംഗ് ചൗഹാനെ മദ്ധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലെത്താൻ സഹായിക്കുകയും കൂറുമാറ്റമായിരുന്നു അത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യ.
അമരീന്ദര്‍ സിംഗ്
സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബാണ് 2021 സെപ്‌തംബറില്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവച്ചത്. താൻ മൂന്ന് തവണ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് സിംഗ് രാജിവച്ചത്. പിന്നാലെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2022ല്‍ ബിജെപിയില്‍ ചേരുകയും സ്വന്തം പാര്‍ട്ടി ബിജെപിയുമായി ലയിപ്പിക്കുകയും ചെയ്തു.
അനില്‍ ആന്റണി
മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിയുടെ കൂറുമാറ്റം കേരള ഘടകത്തെ ഏറെ ഞെട്ടിച്ച രാഷ്ട്രീയ നീക്കമാണ്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യയെ മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രശംസിച്ചതിന് പിന്നാലെയായിരുന്നു കൂറുമാറ്റം.

0 Comments